ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാഹന വിപണിയാണ് കേരളം എന്നാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാഹന നിര്‍മാതാക്കള്‍ കാണുന്നത്. കേരളം ഓണാഘോഷത്തോട് അടുത്തത് കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക്, റെഗുലര്‍ വാഹനങ്ങള്‍ക്കും ബാധകമായാണ് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. പരമാവധി 80,000 രൂപ വരെയുള്ള ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഓഫറുകള്‍ക്ക് പുറമെ, ഓണം പരിഗണിച്ച് അതിവേഗത്തില്‍ വാഹനത്തിന്റെ ഡെലിവറി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ടാറ്റ ഉറപ്പുനല്‍കിയിട്ടുണ്ട്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ എന്‍ട്രി ലെവല്‍ വാഹനമായ ടിഗായോയിക്കും ഇതിന്റെ സെഡാന്‍ പതിപ്പ് ടിഗോറിനും 50,000 രൂപയുടെ ക്യാഷ് ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ടാറ്റ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിന് 80,000 രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം സെഡാന്‍ മോഡലായ അള്‍ട്രോസിന് 40,000 രൂപയുടെ ആനുകൂല്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വി. ശ്രേണിയിലെ വാഹനങ്ങള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഒരുക്കുന്നുണ്ട്. മൈക്രോ എസ്.യു.വി. മോഡലായ പഞ്ചിന് 25,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോംപാക്ട് എസ്.യു.വി. മോഡലായ നെക്‌സോണിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 24,000 രൂപയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 35,000 രൂപയുമാണ് ഓഫര്‍ നല്‍കിയിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
ഇലക്ട്രിക് എസ്.യു.വി. മോഡലുകളായ നെക്‌സോണ്‍ ഇ.വി. പ്രൈമിന് എക്സ്റ്റന്റഡ് വാറണ്ടി ഉള്‍പ്പെടെ 56,000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. അതേസമയം, നെക്‌സോണ്‍ ഇ.വി. മാക്‌സിന് 61,000 രൂപയുടെ ആനുകൂല്യങ്ങളും ഒരുക്കുന്നുണ്ട്. ഇതും എക്സ്റ്റന്റഡ് വാറണ്ടി ഉള്‍പ്പെടെയുള്ളതാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ഹാരിയര്‍, സഫാരി എന്നീ രണ്ട് മോഡലിനും 70,000 രൂപയുടെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കുന്നതിനായി പ്രദേശിക ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് 100 ശതമാനം ഓണ്‍റോഡ് ഫണ്ടിങ്ങും ടാറ്റ മോട്ടോഴ്‌സ് ഉറപ്പാക്കും. ഓണാഘോഷം മുന്നില്‍ കണ്ട് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിന്റെ എക്‌സ്.എം, എക്‌സ്.എം (എസ്) എന്നീ രണ്ട് വേരിയന്റുകളും പുതുതായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.