മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം റിപ്പോർട്ട് ചെയ്തു. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്.
താനെയിലെ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റു.
ആറു പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഗാന്‍ട്രി ക്രെയിന്‍ ആണ് യന്ത്രം. ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്‌സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ആണ് ഇത് ഉപയോഗിക്കുന്നത്.
സമൃദ്ധി മഹാമാര്‍ഗ് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്പ്രസ് ഹൈവേ മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ്. നാഗ്പൂര്‍, വാഷിം, വാര്‍ധ, അഹമ്മദ്നഗര്‍, ബുല്‍ധാന, ഔറംഗബാദ്, അമരാവതി, ജല്‍ന, നാസിക്, താനെ തുടങ്ങി പത്ത് ജില്ലകളിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്.