ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ഒക്ടോബറിൽ ബെംഗളൂരു രാമനഗരയിലെ ബിഡദിയിൽ പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഊർജ മന്ത്രി.
പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും.യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക.കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്.പദ്ധതിക്ക് ചെലവാകുന്ന തുകയിൽ 35 ശതമാനം കേന്ദ്ര സർക്കാർ വിഹിതമായി ലഭിക്കും.പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ചുമതല ബിബിഎംപിക്കാണ്.
2020ലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. മാലിന്യം ഗ്യാസ് ഉപയോഗിച്ച് സംസ്കരിക്കുന്ന പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കുന്നതിൽ നിന്ന് 10 വർഷം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്.