ഒട്ടാവ : മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്‍ത്തലാക്കിയത്. കനേഡിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓണ്‍ലൈന്‍ നിയമ പ്രകാരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സമൂഹമാദ്ധ്യമങ്ങള്‍ പണം നല്‍കണം. ഇതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരണം നിര്‍ത്തിയുള്ള നടപടിയിലേക്ക് മെറ്റ കടന്നത്.
ഇനി മുതല്‍, കാനഡയില്‍ നിന്നു മാത്രമല്ല വിദേശത്ത് നിന്നും പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളും രാജ്യത്തെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല. കൂടാതെ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലും കാനഡ നിവാസികള്‍ക്ക് വാര്‍ത്തകള്‍ പങ്ക് വയ്ക്കാനും സാധിക്കില്ല.
ഗൂഗിളും മെറ്റയുടെ പാത പിന്തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരണം നിര്‍ത്തുമെന്നാണ് സൂചന. കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കിയ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം പ്രകാരം ഗൂഗിള്‍, മെറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്താ മാധ്യമങ്ങളുമായി വാണിജ്യ ഇടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകും. നേരത്തെ ഓസ്‌ട്രേലിയയിലും സമാനമായ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നിരുന്നു.
വാര്‍ത്തകളില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ വാര്‍ത്തകള്‍ക്കായി മാത്രമല്ല ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നത്. മറിച്ച് അവരിലേക്ക് വേഗത്തില്‍ വാര്‍ത്തകളെത്തിക്കാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ ഇരു പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്തുകയാണെന്നും മെറ്റ പറഞ്ഞു.
അതേസമയം മെറ്റയുടെ നടപടി നിരുത്തരവാദപരമാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അപലപിച്ചു.