ആഭ്യന്തര വെബ് ബ്രൗസർ നിർമ്മിക്കുന്നതിനുള്ള ‘ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ചിന്’ തുടക്കം കുറിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ആഗോളതലത്തിൽ ഉപയോഗിക്കുന്നതിനായി തദ്ദേശീയ വെബ് ബ്രൗസർ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം മുന്നോട്ട് വെയ്‌ക്കുന്ന ലക്ഷ്യം. വെബ് ബ്രൗസറിന് ആവശ്യമായ ഫീച്ചറുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ്, ഡെസ്‌ക്ടോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുന്നതും ഇന്ത്യൻ ഭാഷകളിലും ഉപയോഗിക്കാൻ സാധിക്കുന്നതുമായിരുക്കണം ബ്രൗസർ.
ഇതിന്റെ ഭാഗമായി 3.4 കോടി രൂപ പാരിതോഷികമാണ് വെബ് ഡെവലപ്പർമാർക്കായി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി തിരിച്ചാകും ചലഞ്ച് നടക്കുക. ഇതിൽ ആദ്യത്തേത് രണ്ട് മാസ ദൈർഘ്യമുള്ള ആശയരൂപീകരണ ഘട്ടമാണ്. ഈ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ വീതമുള്ള 18 പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമെന്നത് മൂന്ന് മാസത്തോളം ദൈർഘ്യമേറുന്ന പ്രോട്ടോടൈപ്പ് ഘട്ടമാണ്.ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 10 ലക്ഷം രൂപയുടെ എട്ട് സമ്മാനങ്ങളാണ്. ഏറ്റവും ഒടുവിലെ ഘട്ടമെന്നത് ഡെവലപ്പ്‌മെന്റാണ്. ഏഴ് മാസത്തോളം ദൈർഘ്യമേറുന്ന ഈ ഘട്ടത്തിൽ ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം നൽകുക.
ഇന്ത്യൻ ടെക്‌സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, കമ്പനികൾ, കമ്പനീസ് ആക്ട് 2013 പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എൽഎൽപികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനായി വ്യക്തികൾക്കോ അല്ലെങ്കിൽ ഓർഗനൈസേഷൻ മുഖേനയോ അപേക്ഷിക്കാവുന്നതാണ്. കമ്പനികൾക്ക് ഇന്ത്യൻ പൗരന്മാരുടെയോ ഇന്ത്യൻ വംശജരുടെയോ കുറഞ്ഞത് 51 ശതമാനം എങ്കിലും ഓഹരി പങ്കാളിത്തം നിർബന്ധമായും ഉണ്ടായിരിക്കണം. ഏതെങ്കിലും വിദേശ കോർപ്പറേഷനുമായി ബന്ധപ്പെട്ട അനുബന്ധ കമ്പനിയാകാനും പാടില്ല. വ്യക്തികളായാണ് അപേക്ഷിക്കുന്നതെങ്കിൽ ഇവരുടെ സംഘത്തിൽ കുറഞ്ഞത് മൂന്ന് പേരും പരമാവധി ഏഴ് പേരും ഉണ്ടായിരിക്കണം.