മീശയും താടിയും ഒന്നും പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു വനിത. ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേര് എറിൻ ഹണികട്ട് എന്നാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള താടിയുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണിവർ.
അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന 38 -കാരി കഴിഞ്ഞ രണ്ടു വർഷക്കാലമായി താടി നീട്ടിവളർത്തുകയാണ്. ഇപ്പോൾ ഇവരുടെ താടിക്ക് 11.81 ഇഞ്ച് നീളമുണ്ട്. സാമൂഹികമായ എല്ലാ എതിർപ്പുകളെയും മറികടന്നാണ് ഇവർ ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ റിപ്പോർട്ട് പ്രകാരം ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇവരുടെ മുഖത്തെ അമിതമായ രോമവളർച്ചയ്ക്ക് കാരണം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്.
മറ്റൊരു വിധത്തിലുള്ള ഹോർമോണുകളോ സപ്ലിമെന്റുകളോ തന്റെ ശരീരത്തിൽ കുത്തിവച്ചല്ല മുഖത്ത് രോമം വളർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖത്തെ അമിതമായ ഈ രോമവളർച്ച ആദ്യമൊക്കെ ഇവരെ വലിയ സമ്മർദ്ദത്തിൽ ആക്കിയിരുന്നെങ്കിലും ഇപ്പോൾ തനിക്ക് അതൊരു പ്രശ്നമേ അല്ല എന്നാണ് എറിൻ ഹണികട്ട് പറയുന്നത്. 75 -കാരിയായ വിവിയൻ വീലറുടെ പേരിലുള്ള ലോക റെക്കോർഡ് ആണ് ഇപ്പോൾ ഹണികട്ട് തകർത്തത്. 10.04 ഇഞ്ച് ആണ് വിവിയൻ വീലറുടെ താടിയുടെ നീളം. നിലവിലെ കണക്കുകൾ പ്രകാരം ഹണികട്ടിന്റെ താടിക്ക് 11.81 ഇഞ്ച് നീളമുണ്ട്.
പതിമൂന്നാം വയസ്സുമുതലാണ് ഹണിക്കട്ടിന്റെ മുഖത്ത് അമിത രോമവളർച്ച പ്രത്യക്ഷമായി തുടങ്ങിയത്. ഇത് അവളെ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആക്കുകയും അതിൽ നിന്നും രക്ഷപ്പെടുന്നതിനായി നിരന്തരമായി ഷേവ് ചെയ്യുകയും വാക്സ് ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. പത്തുവർഷക്കാലത്തോളം തൻറെ താടി രോമങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി അവർ പലവിധ കാര്യങ്ങളും ചെയ്തു. ഒടുവിൽ കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞതോടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ഒക്കെ ബുദ്ധിമുട്ടായി മാറി. തുടർന്നാണ് തൻറെ ജീവിതപങ്കാളിയുടെ കൂടെ പ്രോത്സാഹനത്തോടെ എറിൻ ഹണികട്ട് താടി നീട്ടി വളർത്തി തുടങ്ങിയത്. ഇതിനിടയിൽ പലപ്പോഴും താടിയുടെ നീളം കുറയ്ക്കും ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷക്കാലമായി യാതൊരു വിധത്തിലുള്ള വെട്ടിച്ചുരുക്കലുകളും തൻറെ താടിയിൽ വരുത്തിയിട്ടില്ല എന്നാണ് ഹണികട്ട് പറയുന്നത്.