പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് അമെൻഡ്മെന്റ് സ്കീം 2023 പ്രകാരമാണ് പുതിയ മാറ്റം. ( Post Office Savings Account rules )
ജോയിന്റ് അക്കൗണ്ട് ഹോൾഡർ പരിധി
പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരിധി ഉയർത്തി. ഇത്രനാൾ ജോയിന്റ് അക്കൗണ്ടിൽ ഒരു സമയം രണ്ട് പേർക്ക് മാത്രമേ പങ്കാളികളാകാൻ സാധിച്ചിരുന്നുള്ളു. ഈ പരിധി മൂന്നായി ഉയർത്തിയിരിക്കുകയാണ്.
പണം പിൻവലിക്കൽ
പണം പിൻവലിക്കാനുള്ള പ്രക്രിയയിൽ ഇനി ഉപയോഗിക്കേണ്ടത് ഫോം 2 ന് പകരം ഫോം 3 ആണ്. 50 രൂപയിൽ കൂടുതലുള്ള പണം പിൻവലിക്കലുകൾക്ക് ഫോം 3 പൂരിപ്പിച്ച് നൽകുകയും പാസ്ബുക്ക് ഹാജരാക്കുകയും വേണം. ചെക്ക് വഴിയും ഓൺലൈൻ വഴിയും പണം പിൻവലിക്കാൻ സാധിക്കും.
പലിശ കണക്കാക്കുന്നത്
പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തിൽ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവർഷം 4% എന്ന നിരക്കിൽ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വർഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റേയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.