സെൻട്രൽ ജോഹന്നാസ്ബർഗിലെ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 73ലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമർജൻസി സർവീസാണ് അപകടവിവരം അറിയിച്ചത്. 43 പേർക്ക് പരിക്കേറ്റു. ഏഴ് കുട്ടികളും മരിച്ചവരിൽപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമർജൻസി മാനേജ്മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്സി പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്പി റിപ്പോർട്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ കാരണം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി ആളുകൾ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോൾ ആളുകൾ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
നഗരമധ്യത്തിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണെന്നും പലതും താമസക്കാരിൽ നിന്ന് വാടക ഈടാക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.