ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതാണ് ലാഭമെന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. സംഗതി നല്ലത് തന്നെ, പക്ഷേ കൃത്യമായ ധാരണയോടെയാണോ ഇത്തരത്തില്‍ വാഹനം വാങ്ങാനൊരുങ്ങുന്നത്. സാധാരണ സ്‌കൂട്ടറുകളിലെ മൈലേജും മറ്റും ചെക്ക് ചെയ്യുന്നപോലെ ഇവയ്ക്കും ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
ചില വാഹന വില്പനക്കാര്‍ ഉപഭോക്താക്കളെ റജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് വിശ്വസിപ്പിച്ച് മോട്ടോര്‍ പവര്‍ കൂട്ടിയും (0.25 kw ല്‍ കൂടുതല്‍ ) , പരമാവധി വേഗത വര്‍ദ്ധിപ്പിച്ചും (25kmph ല്‍ കൂടുതല്‍) വില്പന നടത്തുന്നു. ഇത്തരം വില്പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്.
രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍
മോട്ടോര്‍ പവര്‍ 0.25 kw ല്‍ താഴെ ആയിരിക്കണം. പരമാവധി വേഗത 25 kmph ല്‍ കൂടരുത്.
ബാറ്ററി ഒഴികെ വാഹന ഭാരം 60kg ല്‍ കൂടരുത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് വിരുദ്ധമായത് ഉണ്ട് എങ്കില്‍ അത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ‘റജിസ്‌ട്രേഷന്‍ ആവശ്യമില്ല’ എന്ന ആനുകൂല്യം ലഭിക്കില്ല.
ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അതിന് റജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാഹനം വാങ്ങുക. വഞ്ചിതരായി നിയമക്കുരുക്കില്‍ അകപ്പെടാതിരിക്കുക.