പത്തനംതിട്ട : തന്റെ പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്തൊരു ബൈക്ക് കഴിഞ്ഞ 13 വർഷമായി നിരത്തിലുണ്ടെന്ന് അറിഞ്ഞതിന്റെ ഞെട്ടിലിലാണ് പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആസിഫ് അബൂബക്കർ. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയ എ.ഐ ക്യാമറയിൽ നിന്ന് തുടർച്ചയായി നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ പേരിൽ മറ്റാരോ വാഹനം രജിസ്റ്റര്‍ ചെയ്ത കാര്യം തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. പൊലീസിന്റെ സഹായത്തോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ആനന്ദപ്പള്ളി, ഏഴംകുളം എന്നിവിടങ്ങളിലെ എഐ ക്യാമറകളിൽ നിന്ന് തുടർച്ചയായി നോട്ടീസുകൾ കിട്ടിയപ്പോൾ, ആസിഫ് ഒന്നു ഞെട്ടി. താൻ ഇതുവരെ ജീവിതത്തിൽ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ബൈക്കിന്റെ പേരിലായിരുന്നു പെറ്റി അത്രയും വരുന്നത്. മോട്ടോർ വാഹനവകുപ്പിൽ തിരിക്കയപ്പോൾ വീണ്ടും ഞെട്ടി. ഒരു ബൈക്ക് തന്റെ പേരിൽ 2010 ൽ പത്തനംതിട്ട ആർടിഒയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഉടൻ മോട്ടോർ വാഹനവകുപ്പിലും പൊലീസിലും പരാതി നൽകി. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യാനായി താന്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയോ അപേക്ഷകളില്‍ ഒപ്പിട്ട് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആസിഫ് പറയുന്നു. എന്നാല്‍ ലഹരി മാഫിയ പ്രവർത്തനം ഉൾപ്പെടെ നടത്തുന്നവർക്ക് വ്യാജമായി വാഹനം രജിസ്റ്റർ ചെയ്തു കൊടുക്കുന്ന ഒരു സംഘം, മോട്ടോർ വാഹനവകുപ്പിൽ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, ആസിഫിന്‍റെ പരാതി പരിശോധിച്ചുവരികയാണെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പറഞ്ഞു.
വ്യാജ രജിസ്ട്രേഷൻ ഉൾപ്പെടെ ഗൗരവമേറിയ ആക്ഷേപമായതിനാൽ പൊലീസിന്റെ സഹായത്തോടെ മാത്രമേ അന്വേഷിക്കാനാകൂ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്തായാലും തെറ്റായി നോട്ടീസ് നൽകുന്നതിന്റെ പേരില്‍ അടക്കം നിരവധി ആക്ഷേപങ്ങൾ എ.ഐ ക്യാമറകൾക്കെതിരെ വരാറുണ്ട്. എന്നാൽ തനിക്ക് കിട്ടിയ പെറ്റിയിലൂടെ വ്യാജനെ തിരിച്ചറിഞ്ഞതിന് എ.ഐ സംവിധാനത്തോട് നന്ദി പറയുകയാണ് ആസിഫ്.