ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വധു പോലും ഇല്ല. ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം?
നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം, 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്ന് വരെയുള്ള ചരിത്രത്തിൽ ഏറ്റവും ചെലവേറിയത്. അന്ന്, ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ആഡംബരവും രാജകീയവുമായ വിവാഹത്തിന് 110 മില്യൺ ഡോളറിലധികം ചെലവ് വന്നതായി കണക്കാക്കപ്പെടുന്നു, അതായത് 914 കോടിയിലധികം രൂപ.
വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തിലാണ് ചാള്‍സ് രാജകുമാരൻ വിവാഹവേദിയിലേയ്ക്ക് എത്തിയതെങ്കിൽ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പമാണ് ഡയാന എത്തിയത്. ആറുലക്ഷത്തോളം ആളുകളാണ് പുതിയ രാജകുമാരിയെ കാണാനും സ്വീകരിക്കാനുമായി ബ്രിട്ടന്റെ തെരുവില്‍ ആ ദിവസം എത്തിയത്. 250 സംഗീതജ്ഞരുടെ തത്സമയ പരിപാടി കല്യാണത്തോടനുബന്ധിച്ച് നടന്നു. 1400 അതിഥികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
10000 പേളുകള്‍ പതിപ്പിച്ച സില്‍ക്ക് ഗൗണ്‍ ആണ് ഡയാന അണിഞ്ഞത്. ഗൗണിന് പിന്നില്‍ 450 അടി നീളത്തില്‍ ശിരോവസ്ത്രവുമുണ്ടായിരുന്നു. ഡയാന രാജകുമാരിയുടെ ഐക്കണിക് വിവാഹ വസ്ത്രം ഡേവിഡും എലിസബത്ത് ഇമ്മാനുവലും രൂപകൽപ്പന ചെയ്‌തതാണ്, വസ്ത്രത്തിൽ അലങ്കരിച്ചത് യഥാർത്ഥ മുത്തുകൾ ആയിരുന്നു. പട്ട് കൊണ്ട് നിർമ്മിച്ച വസ്ത്രത്തിന്റെ വില ഏകദേശം 4.1 കോടി രൂപയാണ്
ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒരു സംഭവമായിരുന്നു ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹം. ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം എക്കാലത്തെയും മികച്ച വിവാഹ വസ്ത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെതും ആണെങ്കിലും ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വസ്ത്രം സ്വന്തമാക്കിയ റെക്കോർഡ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ പേരിലാണ്. 90 കോടി രൂപ വിലമതിക്കുന്ന ലെഹംഗാണ് ഇഷ അംബാനി ധരിച്ചത്.