ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തം വന്‍ ദുരന്തത്തില്‍ കലാശിച്ചു. വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറ്റിയമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്.
Video shows the moment fire broke out in a weeding in Hamdaniyah
110 dead including bride and groom
550 injured #Iraq #Hamdaniyah #Fire pic.twitter.com/y3k4aiRvbM
— North X (@__NorthX) September 27, 2023
തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. വിവാഹ ആഘോഷത്തനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചുവെന്നും ഇതില്‍നിന്നും തീപ്പൊരി ചിതറിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹാള്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളിലേക്ക് പെട്ടെന്ന് തീപടര്‍ന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഹംദാനിയയിലെ പ്രധാന ആശുപത്രിയിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിയതായും നിരവധിപേര്‍ രക്തം ദാനം ചെയ്യാന്‍ പരിസരത്ത് കൂട്ടം കൂടിയതായും എ.എഫ്.പി ഫോട്ടോഗ്രാഫര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കറുത്ത ബാഗുകളിലായി മൃതദേഹം ട്രക്കുകളിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണമെന്നും പ്രീഫാബ്രിക്കേറ്റഡ് പാനലുകളില്‍നിന്നാണ് തീ അതിവേഗത്തില്‍ പടര്‍ന്നതെന്നും ഇറാഖി സിവില്‍ ഡിഫെന്‍സ് അധികൃതര്‍ പറഞ്ഞു.
വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് സീലിങ് നിര്‍മിച്ചതെന്നും തീപിടിത്തമുണ്ടായതോടെ സീലിങ് അടര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതിന്റെ വീഡിയോയും ഇതിനോടകം പുറത്തുവന്നു.