ഡ്രൈവിങ് ലൈസൻസിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി. ബുക്കും ആർ.ടി. ഓഫീസിനോട് ‘സ്മാർട്ടായി’ വിട പറയുന്നു. ഒക്ടോബർ നാല് മുതൽ സംസ്ഥാനത്ത് ആർ.സി. ബുക്കുകളും ലൈസൻസിന്റെ മാതൃകയിൽ പെറ്റ്-ജി കാർഡ് രൂപത്തിലായിരിക്കും വിതരണം ചെയ്യുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇനി ലാമിനേറ്റഡ് കാർഡുകൾക്ക് പകരമായി എ.ടി.എം. കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ആർ.സി. ബുക്ക് കൈയിൽ കിട്ടുക.
അപേക്ഷിക്കുന്നതിന് 200 രൂപയും തപാൽ ഫീസും നൽകണം. സീരിയൽ നമ്പർ, യു.വി. ചിഹ്നങ്ങൾ, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു.ആർ. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആർ.സി.യിലുണ്ടാകും. ആർ.ടി. ഓഫീസുകളിൽ ഓൺലൈനിൽ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകൾ ക്ലെറിക്കൽ വിഭാഗം ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറും. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാൻ വിട്ടാൽ മാത്രം മതി.