സോഷ്യല്‍ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്, പ്രത്യേകിച്ച് യുവതലമുറയുടെത്. ലോക ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ ഏകദേശം 60 ശതമാനം- 4.8 ബില്യണ്‍ വ്യക്തികള്‍ സോഷ്യല്‍ മീഡിയയുടെ സജീവ ഉപയോക്താക്കളാണ്. ഇത് നെഗറ്റീവ അനുഭവങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ 50,000-ത്തോളം രക്ഷിതാക്കളുമായി നടത്തിയ അഭിമുഖങ്ങള്‍ ഉള്‍പ്പെടുന്ന സമീപകാല ദേശീയ സര്‍വേയില്‍ പറയുന്നത് ഒമ്പത് മുതല്‍ 17 വരെ പ്രായമുള്ള പത്തില്‍ ആറുപേരും സോഷ്യല്‍ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലോ പ്രതിദിനം മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയിലെ 17 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ദിവസവും ആറ് മണിക്കൂറിലധികം ഓണ്‍ലൈനിലാണെന്ന് പരാതിപ്പെടുന്നവരാണ്. സമാനമായ സംഖ്യയില്‍, ഇന്ത്യയിലുടനീളമുള്ള 22 ശതമാനം പേരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലോ ഗെയിമിംഗിലോ സമയം ചിലവഴിച്ചതിന് ശേഷം തങ്ങളുടെ കുട്ടിക്ക് ‘സന്തോഷം’ അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കള്‍ പറയുന്നു.
സോഷ്യല്‍ മീഡിയ കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകള്‍ കുട്ടികളുടെ ഒഴിവുസമയ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ചോയിസ് ആണെന്നും പഠനം വെളിപ്പെടുത്തുന്നു, ഏകദേശം 37 ശതമാനം രക്ഷിതാക്കളും ഇത് അവരുടെ കുട്ടികളുടെ ഇഷ്ട വിനോദമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഒമ്പത്-18 വയസിനിടയില് പ്രായമുള്ള കുട്ടികള്‍ ഗാഡ്ജെറ്റുകള്‍ക്ക് അടിമപ്പെടുന്നതായും പഠനം സൂചിപ്പിക്കുന്നു.
പോസിറ്റീവിനെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ നെഗറ്റീവ് ഇംപാക്ടുകള്‍ സൃഷ്ടിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു. യു.എസ് സര്‍ജന്‍ ജനറല്‍ ഡോ:വിവേക് മൂര്‍ത്തിയുടെ 2022-ലെ റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് ദിവസേനയുള്ള മൂന്ന് മണിക്കൂറിലധികം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കുട്ടികളില്‍ വിഷാദവും, ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിളിന്റെ മറ്റൊരു പഠനത്തില്‍, സോഷ്യല്‍ മീഡിയയുമായുള്ള ദീര്‍ഘകാല ഇടപഴകല്‍, ആക്രമണം, അക്ഷമ, ഹൈപ്പര്‍ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു.