ഹെലികോപ്റ്ററിൽ നിന്ന് 10 ലക്ഷം ഡോളർ ആളുകൾക്കിടയിലേക്കിട്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇൻഫ്ളുവൻസറും ടെലിവിഷൻ അവതാരകനുമായ കാമിൽ ബർതോഷെക്കാണ് ചെക്ക് റിപബ്ലിക്കിലെ ലിസ നാഡ് ലബേമിനു സമീപം ഹെലികോപ്റ്ററിൽ നിന്ന് പണം താഴേക്കിട്ടത്.
കാമിലിന്റെ പുതുതായി ഇറങ്ങിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. വിജയിക്കുന്നവർക്ക് പത്തുലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാൽ മത്സരത്തിൽ ആരും വിജയിയായില്ല. ഒടുവിൽ മത്സരത്തിനു പേര് നൽകിയവർക്കെല്ലാം സമ്മാനത്തുക വീതിച്ചു നൽകാമെന്ന് കാമിൽ തീരുമാനിച്ചു. അതിനായി വ്യത്യസ്തമായ വഴികൾ കണ്ടുപിടിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് പണം താഴേക്കിട്ടു നൽകാമെന്ന പദ്ധതിയിലേക്ക് കാമിൽ എത്തുന്നത്.
പണം താഴേക്കിടുന്ന സ്ഥലവും സമയവും ആളുകളെ മുൻകൂട്ടി അറിയിച്ചു. ശേഷം കൃത്യസമയത്ത് തന്നെ ഉറപ്പുനൽകിയതു പോലെ കാമിൽ പണം ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ടു. ആയിരക്കണക്കിനാളുകളാണ് പണം ശേഖരിക്കാനായി സ്ഥലത്തെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ കാമിൽ വിതറിയ നോട്ടുകൾ മുഴുവൻ കൈയിൽ കരുതിയ ബാഗുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി ആളുകൾ സ്ഥലം കാലിയാക്കി. ചിലർ കുടകളിൽ വരെ നോട്ടുകൾ വാരിക്കൂട്ടി.
ലോകത്തിലെ ആദ്യത്തെ യഥാർത്ഥ പണമഴ എന്നാണ് കാമിൽ വിചിത്രപണവിതരണത്തിന് നൽകിയ പേര്. പണം വാരിക്കൂട്ടാനുള്ള തിക്കിലും തിരക്കിലുംപെട്ട് ആർക്കും പരിക്ക് പറ്റിയിട്ടിട്ടില്ലെന്നും കാമിൽ പറയുന്നു.