100 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ കൺമുന്നിൽ; മെയ്ഡ് ഇൻ ഇന്ത്യ ജിയോ ഗ്ലാസ് അമ്പരപ്പിക്കും

Advertisements
Advertisements

ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങൾ 100 ഇഞ്ച് വലുപ്പമുള്ള ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണാനായാലോ? ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്ന ഉദ്ദേശവുമായാണ്, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങിവന്നാലെന്നവണ്ണം തോന്നിപ്പിച്ച ജിയോഗ്ലാസ് (JioGlass)  ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

Advertisements

മെയ്ഡ് ഇന്‍ ഇന്ത്യ വിവരണവുമായി അഭിമാനത്തോടെ വച്ചിരുന്ന ഈ ഉപകരണം പെട്ടന്നു തന്നെ മാധ്യമ പ്രവര്‍ത്തകരുടെ കണ്ണുകളുടെ ഓമനയാകുകയായിരുന്നു. ഒരു പക്ഷെ ഒരു ഇന്ത്യന്‍ കമ്പനി ഇതുവരെ നിര്‍മ്മിച്ചെടുത്തതിലേക്കും വച്ച് ഏറ്റവും മികച്ച കണ്‍സ്യൂമര്‍ ഉപകരണം എന്ന വിവരണം ലഭിക്കാന്‍ വരെ സാധ്യതയുണ്ട് ജിയോഗ്ലാസിന്. കൂടുതല്‍ അറിയാം:

കേവലം 69 ഗ്രാം മാത്രം ഭാരമുള്ള ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ശേഷികളുള്ള കണ്ണടയാണ് ജിയോഗ്ലാസ്. രണ്ടു ലോഹ ഫ്രെയിമുകളിലായി ഉറപ്പിച്ചിരിക്കുന്ന രണ്ടു ലെന്‍സുകളാണ് ഇതിനുള്ളത്. എആര്‍, വിആര്‍ മോഡുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇതിനായി നീക്കംചെയ്യാവുന്ന ഒരു ഫ്‌ളാപ്പും കണ്ണടയ്ക്കുണ്ട്. ഫ്‌ളാപ് ഗ്ലാസുകള്‍ക്കു മുകളില്‍ വച്ചാല്‍ അത് അണിയുന്ന ആളുടെ കണ്ണുകള്‍ കാണാനൊക്കില്ല.

Advertisements

പുറത്തുനിന്നുള്ള കാഴ്ചകള്‍ അത് അണിയുന്ന ആള്‍ക്ക് കാണാതിരിക്കുകയും, താന്‍ കാണുന്ന വിഡിയോയിലും മറ്റും പൂര്‍ണ്ണമായി ശ്രദ്ധിക്കുകയും ചെയ്യാം. ഫ്‌ളാപ് നീക്കിയാല്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ലെന്‍സുകളിലെ, ഓഗ്മെന്റഡ് റിയാലിറ്റിയുടെ പാളിയിലൂടെ നോക്കി കാണുകയും ചെയ്യാം. പ്രദര്‍ശനത്തിനു വച്ചിരുന്ന ഗ്ലാസുകളില്‍ എആര്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ല.

മികച്ച വിഡിയോ, ഓഡിയോ പോര

എആര്‍ മോഡ് ഇല്ലാതെ തന്നെ ജിയോഗ്ലാസ് അത്ഭുതപ്പെടുത്താല്‍ കെല്‍പ്പുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്ര ചെറിയൊരു ഉപകരണത്തിന് 100 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ സ്‌ക്രീനില്‍, 1080പി റെസലൂഷന്‍ (ഓരോ കണ്ണിനും) ഉള്ള വിഡിയോ ആശ്ചര്യത്തോടെയല്ലാതെ കാണാനാവില്ലത്രെ. അതേസമയം, വിഡിയോയ്ക്ക് കുറച്ചുകൂടെ വ്യക്തതയുണ്ടായിരുന്നെങ്കില്‍ എന്ന തോന്നലും ഉണ്ട്. അപ്പോഴും ഈ ഉപകരണത്തിന്റെ മേന്മ കാണാതിരിക്കാനാവില്ല. ജിയോഗ്ലാസ് അണിയുമ്പോള്‍ ഉപയോഗിക്കുന്ന ആളുടെ ചെവിക്കു മുകളില്‍ രണ്ടു സ്പീക്കറുകളും എത്തും.

സ്‌പേഷ്യല്‍ ഓഡിയോ സപ്പോര്‍ട്ട് ഉണ്ടെങ്കിലും, വിഡിയോയുടെ മേന്മ ഓഡിയോയ്ക്ക് ഇല്ല. സ്വരത്തിന് എടുത്തുപറയത്തക്ക പുഷ്ടിമ ഇല്ലെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ സ്വരം വേണ്ടന്നുവച്ച് രണ്ട് ഇയര്‍ബഡ്‌സ് അണിയാനായാല്‍ അത് കൂടുതല്‍ മികച്ച സ്വരാനുഭവം ലഭിച്ചേക്കുമെന്നും പറയുന്നു. അതേസമയം, ഈ ഉപകരണം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ വിഭാഗത്തിലെ പെടുത്താനാകൂ എന്നും ഓര്‍ത്തിരിക്കണം.

ജിയോഗ്ലാസ് ഈ വര്‍ഷം തന്നെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. എന്നാല്‍, പുറത്തിറക്കുന്നതിനു മുമ്പ് ഒരു ഉപകരണത്തിനും പൂര്‍ണ്ണമായ വിലയിരുത്തല്‍ സാധ്യമല്ല. കാരണം അത് പ്രീ-പ്രൊഡക്ഷന്‍ വിഭാഗത്തിലാണ് പെടുന്നത്. ജിയോഗ്ലാസ് അവതരിപ്പിക്കപ്പെടുമ്പോള്‍ മികവ് വര്‍ദ്ധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

ജിയോ ഗ്ലാസിന് ബാറ്ററിയില്ല. അത് ടൈപ്-സി കേബിള്‍ ഉപയോഗിച്ച് കണക്ടു ചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബാറ്ററി വലിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇത് ഒരേസമയം നല്ലതും ചീത്തയുമാണ്. ഗ്ലാസിന്റെ ഭാരം കുറച്ചു നിറുത്താന്‍ ബാറ്ററി ഇല്ലാത്തത് സഹായിച്ചു.

 

എന്നാല്‍ സദാ കേബിള്‍ തൂങ്ങിക്കിടക്കുന്നത് അത്രയൊരു സുഖകരമായ കാര്യവുമല്ല. പ്രത്യേകിച്ചും വിആര്‍ മോഡില്‍. (ഒരു വയര്‍ലെസ് ജിയോഗ്ലാസും പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതിന് എങ്ങനെയാണ് ബാറ്ററി ലഭിക്കുക എന്നത് അറിയേണ്ട കാര്യമാണ്.)

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് ജിയോഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും. ഇതിനായി നൂറുകണക്കിന് എക്‌സ്ആര്‍ ആപ്പുകളും ലഭ്യമക്കും. ഇവ ജിയോഇമേഴ്‌സ് എക്‌സ്ആര്‍ സ്‌റ്റോര്‍ വഴിയായിരിക്കും കിട്ടുക. ലൈവ് സ്‌പോര്‍ട്‌സ് മുതല്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകള്‍ വരെ പല തരം കണ്ടെന്റും വീക്ഷിക്കാനാകും. ഗെയിമിങ് കണ്‍സോളുകളോ, കംപ്യൂട്ടറോ പോലും കണക്ടു ചെയ്ത് നിമഗ്നമായ രീതിയല്‍ കണ്ടെന്റ് ആസ്വദിക്കാം.

ആരാണ് ജിയോഗ്ലാസ് നിര്‍മ്മിച്ചത്?

ജിയോഗ്ലാസിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ടെസറാക്ട് (Tesseract) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്-ടെക് കമ്പനിയാണ്. കമ്പനിയുടെ 92.7 ശതമാനം ഓഹരിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2019ല്‍ വാങ്ങിയിരുന്നു. ക്ഷിറ്റിജ് മാര്‍വാ (Kshitij Marwah) സ്ഥാപിച്ച ഈ കമ്പനിക്ക് സ്വതന്ത്ര പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മെയ് 2023 വരെ 10.12  കോടി രൂപയാണ് റിലയന്‍സ് ടെസറാക്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ഫയലിങ്‌സില്‍ നിന്ന് മനസിലാകുന്നത്. എആര്‍/വിര്‍ സാങ്കേതികവിദ്യ അടങ്ങുന്ന ക്യാമറകള്‍, ഹെഡ്‌സെറ്റുകള്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മറ്റു കമ്പനികള്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഡിവലപ്പര്‍മാര്‍ു വേണ്ടി ആപ് സ്റ്റോറും ടെസറാക്ട് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ജിയോ ഹോളോബോര്‍ഡ് നിര്‍മ്മിച്ചതും ടെസറാക്ട്

നവി മുംബൈയിലുള്ള റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെസറാക്ട്  കമ്പനിയില്‍ ഇപ്പോള്‍ ഏകദേശം 55 ജോലിക്കാരാണ് ഉള്ളത്. റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റുകള്‍ക്കായി മെതെയ്ന്‍ (Methane) എന്ന പേരില്‍ ഒരു വെര്‍ച്വല്‍ റിയാലിറ്റി 360 ക്യാമറയും, ക്വാര്‍ക് എന്ന പേരില്‍ മറ്റൊരു വിആര്‍360 ക്യാമറയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഒപ്ടിക്കല്‍, ഹാര്‍ഡ്‌വെയര്‍ മേഖലകളിലായി 5 പേറ്റന്റുകളും കമ്പനി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ജിയോ ഹോളോബോര്‍ഡ് 2019ല്‍ നിര്‍മ്മിച്ചതും ഈ കമ്പനിയാണ്. ഇത് ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചെടുത്ത ഏറ്റവും മികവുറ്റ കണ്‍സ്യൂമര്‍ ഉപകരണം എന്ന വിവരണത്തിന് അര്‍ഹമാകുമോ എന്ന കാര്യം ഉറപ്പിക്കാന്‍ അതു പുറത്തിറക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും.

ആദ്യം പ്രദര്‍ശിപ്പിച്ചത് 2020ല്‍

റിലയന്‍സ് എജിഎം 2020യിലാണ് ജിയോഗ്ലാസ് ആദ്യം പരിചയപ്പെടുത്തിയത്. അന്ന് അതിന് 75 ഗ്രാം ഭാരമുണ്ടായിരുന്നു. ഏകദേശം 25 ആപ്പുകളായിരുന്നു പ്രവര്‍ത്തിപ്പിക്കാമായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേര്‍ഷന്‍ നേരത്തെ പരിചയപ്പെടുത്തിയ ജിയോഗ്ലാസിനെക്കാള്‍ കൂടുതല്‍ ആധൂനികവും പ്രയോജനപ്രദവും ആണെന്നാണ് കരുതുന്നത്.

വില

ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ല.

 

ഇനി എആര്‍/വിആര്‍ ഗ്ലസുകളുടെയും ഹെഡ്‌സെറ്റുകളുടെയും കാലം

വിഷന്‍ പ്രോ എന്ന ഹെഡ്‌സെറ്റ് ആപ്പിള്‍ പരിചയപ്പെടുത്തിയതോടെ ടെക്‌നോളജി ലോകം എആര്‍-വിആര്‍ ഗ്ലാസുകളുടെയും ഹെഡ്‌സെറ്റകളുടെയും ആഗമനത്തിന് കാത്തുനിന്നു തുടങ്ങി. മെറ്റാ മുതല്‍ ഷഓമി വരെ ഒട്ടനവധി കമ്പനികള്‍ ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുകയാണ്. അത്യുജ്വല സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഉപകരണമാമെങ്കിലും ആപ്പിള്‍ വിഷന്‍ പ്രോ ദീര്‍ഘനേരത്തേക്ക് അണിയുന്നത് കഴുത്തിനും മറ്റും ആയാസകരമായിരിക്കില്ലേ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്.

അതേസമയം, ഒരു സാധാരണ കണ്ണട പോലെയുള്ള സദാ അണിയാവുന്ന ഒരു ഗ്ലാസ് നിര്‍മ്മിക്കാനും ആപ്പിളിന് ആഗ്രഹമുണ്ടെന്നും പറയുന്നു. അതേസമയം, ഇന്ത്യയില്‍ നിര്‍മ്മിച്ചെടുത്ത ജിയോഗ്ലാസ് ഇനിയും ഇതുപോലെയുള്ള ഉപകരണങ്ങള്‍ പുറത്തിറക്കാന്‍ രാജ്യത്തെ കമ്പനികള്‍ക്ക് പ്രേരകമാകും എന്നത് രാജ്യത്തെ ടെക്‌നോളജി പ്രേമികള്‍ക്ക് ഉത്സാഹം പകരുന്ന കാര്യമാണ്

 

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!