അടുത്ത മാസം മുതൽ 2024 മെയ് വരെ ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്കുള്ള വിസ ആവശ്യങ്ങൾ ഒഴിവാക്കുമെന്ന അറിയിപ്പുമായി തായ്‌ലാൻഡ്. സീസൺ കാലഘട്ടമായതിനാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് നടപടി. ജനുവരി മുതൽ ഒക്ടോബർ 29 വരെ തായ്‌ലാൻഡിൽ 22 ദശലക്ഷം സന്ദർശകർ ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 25.67 ബില്യൺ ഡോളറാണ് ഇതുവഴി ലഭിച്ചത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അനുമതി നൽകുന്നതും തായ്‌ലാന്‍ഡ് പരിഗണിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം ഏകദേശം 28 ദശലക്ഷമാക്കാനാണ് തായ്‌ലാന്‍ഡ് ലക്ഷ്യമിടുന്നത്.
നിലവില്‍ തായ്ലാൻഡിൽ എത്തുന്ന വിനോദ സഞ്ചാരികളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. 2022ല്‍ ഏകദേശം 1.12 കോടി വിദേശ വിനോദ സഞ്ചാരികളാണ് തായ്ലാൻഡിൽ എത്തിയത്. ഇതില്‍ പത്ത് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. ഈ വര്‍ഷം മൂന്ന് കോടി വിദേശ സഞ്ചാരികളെയാണ് തായ്ലാൻഡ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് ആയപ്പോഴേക്കും വിദേശ സഞ്ചാരികളുടെ എണ്ണം 1.7 കോടി കവിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലുള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തായ്‌ലന്‍ഡ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.