രണ്ട് വര്‍ഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയില്‍ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. 2023 ഡിസംബറില്‍ ഈ നടപടി പൂര്‍ത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. രണ്ട് വര്‍ഷത്തോളം ഉപയോഗത്തിലില്ലാതിരുന്ന അക്കൗണ്ടുകളിലെ ജി-മെയില്‍, ഡോക്സ്, ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവ നിര്‍ജ്ജീവമാക്കാനാണ് പദ്ധതി.
മെയ് മാസത്തില്‍ ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി എഴുതിയ ബ്ലോഗ് പോസ്റ്റില്‍, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു. ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയാണ് നടപടി. അതേസമയം വ്യക്തികത അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക. ബിസിനസ് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കാന്‍ ഗൂഗിളിന് പദ്ധതിയില്ല. കൂടാതെ യൂട്യൂബുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ ഗൂഗിളിന് നിലവില്‍ ഉദ്ദേശ്യമില്ല.
ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് അനുസരിച്ച് രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വ്യക്തികത ഗൂഗിള്‍ അക്കൗണ്ടുകള്‍ സൈന്‍-ഇന്‍ ചെയ്യണം. ഈ കാലയളവില്‍ ഒരിക്കലെങ്കിലും സൈന്‍-ഇന്‍ ചെയ്ത അക്കൗണ്ടുകളെ ‘ആക്റ്റീവ്’ അക്കൗണ്ടുകളായി കണക്കാക്കുകയും ഡിലീറ്റ് ചെയ്യപ്പെടുന്നത് ഒഴിവാകുകയും ചെയ്യും. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഏതെങ്കിലും സബ്സ്ക്രിപ്ഷനുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ കമ്പനി അക്കൗണ്ടിനെ ആക്ടീവ് ആയി കണക്കാക്കുകയും നിര്‍ജ്ജീവമാക്കുന്നത് തടയുകയും ചെയ്യും.