400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ് .

Advertisements
Advertisements

അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിതഅത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും
അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. വയനാട്ടിലെ കുറുവ ഇങ്ങനെയൊക്കെയാണ് വൈവിധ്യങ്ങളെ ഭൂപടത്തില്‍ വരച്ചു ചേര്‍ക്കുന്നത്. കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍നിന്നു മറ്റൊരു ദ്വീപ് തേടിയുള്ള യാത്രകളൊക്കെ വന്നുനില്‍ക്കുക ഇങ്ങ് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള വയനാട്ടിലെ കബനിയുടെ കരയിലാണ്. ഇതൊരു പച്ചത്തുരുത്താണ്. ഗൂഗിള്‍ മാപ്പിലൂടെ ആകാശത്തുനിന്നുള്ള കാഴ്ചയാണെങ്കില്‍ ഒരു പച്ചക്കുത്തുപോലെ കാണാം. അടുത്ത് ചെന്നാലറിയാം ദ്വീപിന്റെ വിസ്തൃതി. തൊള്ളായിരം ഏക്കറില്‍ ദ്വീപും ദ്വീപിനുള്ളില്‍ അനേകം ഉപദ്വീപുകളുമായാണ് കുറവയെന്ന നിത്യഹരിതലോകം നിലകൊള്ളുന്നത്.
ദ്വീപിനക്കരെ ഒരു ഭാഗം മുഴുവന്‍ വയനാട് വന്യജീവി സങ്കേതമാണ്. കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും തൊട്ടുകിടക്കുന്ന ഇരുണ്ട കാടുകളില്‍നിന്നു കുറവയെന്ന സുരക്ഷിത താവളത്തിലേക്ക് കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ നീന്തിക്കയറും. ചിലപ്പോഴൊക്കെ മഴക്കാലം കഴിയുന്നതുവരെയും ഈ ദ്വീപിനുള്ളില്‍ ഇവ തമ്പടിച്ചുകിടക്കും. പച്ചമുളകളുടെ ഈന്തുകള്‍ വലിച്ചു ചീന്തി തിന്നും ഈറ്റക്കാടുകളെ വെള്ളത്തിലേക്ക് പിഴുതെറിഞ്ഞും ദ്വീപിന്റെ മുക്കിലും മൂലയിലലുമെല്ലാം കാട്ടാനകള്‍ തങ്ങി നില്‍ക്കും. മഴക്കാലം നീണ്ടുപോയാല്‍ കാട്ടാനക്കൂട്ടങ്ങള്‍ കബനിയുടെ ഒഴുക്കിനെതിരെ തുഴഞ്ഞ് മറുകരയിലെ അറ്റമില്ലാത്ത ആവാസ ലോകത്തേക്ക് കയറും. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യം പോലെ ആഴക്കയങ്ങളിലേക്ക് പിടവിട്ടുപോയ കൊമ്പന്‍മാര്‍ കബനിക്കരയുടെ നൊമ്പരാമാകും. കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളുമെല്ലാം കൃത്യമായ ഇടവേളകളില്‍ മാത്രമാണ് ദ്വീപിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങള്‍ ഉറപ്പിക്കുക. മഴ മാറി വേനലെത്തുന്നതോടെ മറ്റു കാടുകളൊക്കെ വരള്‍ച്ചയുടെ നോവറിയിച്ചു തുടങ്ങുമ്പോള്‍ കബനിയുടെ കാനനതീരത്ത് വന്യമൃഗങ്ങളുടെ കൂട്ടമുണ്ടാകും. മാനന്തവാടി പുഴയും പനമരം പുഴയും സംഗമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിയുന്നതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങുമ്പോള്‍ സഞ്ചാരികളുടെ വരവായി. പിന്നെയൊരു മഴക്കാലം ശക്തിയാവുന്നതുവരെയും ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമുണ്ടാകില്ല. കാനനക്കുളിരില്‍, പ്രകൃതിയുടെ സ്വന്തം തണലില്‍, കാടിന്റെ കുഴലൂത്തുകളെ കാതിലേക്ക് ചേര്‍ത്ത് മനം മയങ്ങി നില്‍ക്കാമിവിടെ ഏറെ നേരം.
നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തു കെട്ടിയൊരു ചങ്ങാടം. കുറുവ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജലനിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളംചങ്ങാടം വിസ്മയമാകും. കബനിയുടെ ഓളങ്ങളെ നെടുകെ മുറിച്ച് അന്‍പതിലധികം സഞ്ചാരികളെ ഒരേ സമയം പുഴ കടത്തുന്ന ഈ പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിര്‍മ്മിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളംന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. നിയന്ത്രിച്ചു കൊണ്ടുപോകാനും എളുപ്പത്തില്‍ കഴിയും. മിനുറ്റുകള്‍ മാത്രം മതി ഏതൊരാള്‍ക്കും ഇവയുടെ നിയന്ത്രണം പഠിക്കാന്‍. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നാണ്‌ ഇതെല്ലാം പുതിയ തലമുറ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറവ ദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!