രാജ്യത്ത് യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയും ഫോൺ പേയും ആധിപത്യം തുടരുന്നത് തടയാനായി നാഷണൽ പേയ്മെൻ്റ്സ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇടപെടുന്നതായി റിപ്പോര്‍ട്ട്. ടെക് ക്രഞ്ച് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരു കമ്പനികളും വിപണിയിൽ കുത്തകകളെന്ന നിലയിലേക്ക് മുന്നേറുന്നതിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിനായി യുപിഐ പേമെന്റ് രംഗത്തെ മറ്റ് കമ്പനികളായ സിആര്‍ഇഡി, ഫ്ലിപ്‌കാര്‍ട്, ഫാംപേ, ആമസോൺ തുടങ്ങിയ കമ്പനികളുമായി ഈ വിഷയത്തിലെ പ്രധാന പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാൻ എൻപിസിഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
യുപിഐ സേവന വിപണിയിൽ ഗൂഗിൾപേ, ഫോൺ പേ കമ്പനികൾക്ക് പിന്നിൽ ഏറെ പിന്നിലായി കിടക്കുന്ന ടെക്-ഫിൻ കമ്പനികൾക്ക് സ്വാധീനം കൂട്ടാനുള്ള ഉപായങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. ഇതിനായാണ് മറ്റ് കമ്പനികളുടെ എക്‌സിക്യുട്ടീവുമാരുമായി യോഗം വിളിക്കാൻ തീരുമാനിച്ചത്. നിലവിൽ യുപിഐ വിപണിയിൽ 86% വിഹിതവും ഗൂഗിൾ പേ, ഫോൺ പേ കമ്പനികളുടെ കൈയ്യിലാണ്. മൂന്നാമത്തെ വലിയ സേവന ദാതാവായിരുന്ന പേ ടിഎമ്മിന്, മാര്‍ച്ച് അവസാനം വന്ന റിപ്പോര്‍ട്ട് പ്രകാരം വിപണിയിൽ 9.1% വിഹിതം മാത്രമാണുള്ളത്. 2023 മാര്‍ച്ച് 31 ന് ഇവര്‍ക്ക് 13% വിഹിതമുണ്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ നടപടിയാണ് പേടിഎമ്മിന് തിരിച്ചടിയായത്.
രണ്ട് കമ്പനികൾ വിപണി വിഹിതം മുഴുവൻ കൈയ്യാളുന്നതിൽ പല കോണുകളിൽ നിന്നും പരാതികൾ ഉയര്‍ന്നിരുന്നു. അതേസമയം യുപിഐ സേവന വിപണിയിൽ ഒരു കമ്പനിയുടെ വിപണി വിഹിതം പരമാവധി 30% ത്തിൽ നിയന്ത്രിക്കാനാണ് എൻപിസിഐ ലക്ഷ്യമിടുന്നത് എന്നാണ് വിവരം. ഈ നിര്‍ദ്ദേശം പാലിച്ച് ആവശ്യമായ മാറ്റം വരുത്താൻ കമ്പനികൾക്ക് 2024 ഡിസംബര്‍ 31 വരെ എൻപിസിഐ സമയം നൽകിയിട്ടുണ്ട്. അതേസമയം മറ്റ് ടെക്-കമ്പനികളോട് അവരവരുടെ സ്വാധീനം വിപണിയിൽ ശക്തിപ്പെടുത്താനും എൻപിസിഐ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകി തങ്ങളുടെ ആപ്പുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ ഈ കമ്പനികളെ പ്രാപ്തരാക്കുകയാണ് എൻപിസിഐയുടെ ലക്ഷ്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുപിഐ സേവന മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന കമ്പനികൾക്ക് വിപണിയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ഇൻസെന്റീവ് പദ്ധതികൾ റിസര്‍വ് ബാങ്കും ആലോചിക്കുന്നുണ്ട്. ഫോൺപേയ്ക്ക് പിന്നിൽ ആഗോള ഭീമൻ വാൾമാര്‍ട്ടും, ഗൂഗിൾ പേയ്ക്ക് പിന്നിൽ മറ്റൊരു ഭീമൻ കമ്പനി ഗൂഗിളും ആണെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്. യുപിഐ സേവന രംഗത്ത് ഇന്ത്യൻ കമ്പനികൾക്ക് ചുവടുറപ്പിക്കാൻ ആവശ്യമായ സഹായം നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ പാര്‍ലമെന്ററി സമിതിയും ആവശ്യപ്പെട്ടിരുന്നു.