വണ്ണം കുറക്കാനായി പലരും ചിയ സീഡ്സ് കഴിക്കാറുണ്ട്. അതിരാവിലെ ഓട്സിലോ അല്ലെങ്കിൽ ഇളം ചൂടുവെള്ളത്തിലോ ചിയ ചേർത്ത് കഴിക്കാറാണ് പതിവ്. എന്നാൽ ചിയ വെള്ളത്തിനൊപ്പം മഞ്ഞളും ചേർത്താലോ? അയ്യേ എന്നാണോ? എന്നാൽ നഷ്ടം നിങ്ങൾക്ക് തന്നെ. എന്തുകൊണ്ടെന്ന് വിശദമായി പരിശോധിക്കാം
മഞ്ഞളും ചിയ സീഡും സംയോജിപ്പിച്ച പാനീയം ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം മെറ്റബോളിസം കൂട്ടുകയും തടി കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.ചിയ വിത്തുകൾ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്, പ്രത്യേകിച്ച് ലയിക്കുന്ന നാരുകളുടെ. അതുകൊണ്ട് തന്നെ ഈ പാനീയം കുടിയ്ക്കുന്നത് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. ഇതിലൂടെ കലോറി ഉപയോഗം കുറയ്ക്കാനും അതുവഴി തടി കുറയാൻ സഹായിക്കുകയും ചെയ്യുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സസ്യസ്രോതസ്സുകളിൽ നിന്നുള്ളവയാണ് ചിയ വിത്തുകൾ. ഇത് മെറ്റബോളിസത്തെ സഹായിക്കുന്നു, അതുവഴി അമിതഭാരത്തെ നിയന്ത്രിക്കുന്നു. ചിയ വിത്തും മഞ്ഞളും ചേർത്ത് കഴിക്കുന്നത് വാട്ടർ വെയ്റ്റ് കുറയ്ക്കുകയും ചെയ്യുന്നു.
ചിയ വിത്തുകളും മഞ്ഞളും സംയോജിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. അതോടൊപ്പം ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞൾ വയറുവേദന പോലുള്ള പ്രശ്നങ്ങളേയും കുറയ്ക്കുന്നു. ദഹനനാളത്തിന്റെ അസ്വസ്ഥതകൾ ഇത് ലഘൂകരിക്കും. മഞ്ഞൾ പതിവായി കഴിക്കുന്നത് ദഹനക്കേട് തടയാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും
രണ്ട് ടേബിൾ സ്പൂൺ ചിയ വിത്ത്, ഒരു ചെറിയ കഷ്ണം പച്ചമഞ്ഞൾ, മൂന്ന് കപ്പ് വെള്ളം, തേനോ അല്ലെങ്കിൽ ചെറുനാരങ്ങ നീരോ എടുക്കാം. പാനീയം തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂൺ ചിയ വിത്തുകൾ 4 ടീസ്പൂൺ വെള്ളത്തിൽ കുതിർത്ത് വെയ്ക്കാം.ചിയ വിത്തുകൾ കുതിർന്നതിന് ശേഷം വലിയ ഗ്ലാസിൽ ഇളം ചൂടുവെള്ളമെടുത്ത് അതിലേക്ക് ചിയ വിത്ത് ഒഴിച്ച് കൊടുക്കാം. ഇതിനൊപ്പം മഞ്ഞൾ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത് പൊടിച്ച് ചേർക്കാം. ഇളക്കി തേനോ ചെറുനാരങ്ങാ നീരോ ചേർത്ത് കുടിക്കാം.
ചർമ്മ സംരക്ഷണത്തിന് വളരെ മുൻപ് തന്നെ മഞ്ഞൾ ഉപയോഗിച്ച് പോരാറുണ്ട്. ഇതിന്റെ ആന്റി ആന്റി ഇൻഫ്ലമേറ്ററി-ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യുന്നു.