മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാത്രി’യുടെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന് ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യാ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു.
ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘പാതിരാത്രി’യുടേത്. നവ്യാ നായരും സൗബിന് ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്. ‘ഒരുത്തീ’ എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യാ നായര്‍ ചിത്രം കൂടിയാണ് ‘പാതിരാത്രി’. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’.
സൗബിനെയും നവ്യാ നായരെയും കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം: ജേക്സ് ബിജോയുമാണ് നിര്‍വഹിക്കുന്നത്.