കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.
പട്ടിക വർഗ്ഗ വിഭാഗത്തിൽ ആരെയും സി.പി.ഐ.എം ഇതുവരെ മന്ത്രിയാക്കിയിട്ടില്ലായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒ.ആർ.കേളു. സംസ്ഥാന കമ്മിറ്റിയിലെത്തുന്ന ആദ്യത്തെ പട്ടികവർഗ്ഗ നേതാവാണ് അദ്ദേഹം. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയയർമാൻ കൂടിയായിരുന്നു.
യുഡിഎഫ് എം.എൽ.എ ആയിരുന്ന ജയലക്ഷ്മിയെ തോൽപ്പിച്ചാണ് 2016 ൽ ഒ.ആർ കേളും എം.എൽ.എ ആകുന്നത്. 2021ലും വിജയം ആവർത്തിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലുമായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും 2015ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു.