തെന്നിന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളിലൊരാളായ മലയാള യുവതാരം ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലക്കി ഭാസ്കര്‍. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകന് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്.
1980 – 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യര്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ സല്മാന് അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാറും, കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍ ആണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പന്‍ സൈറ്റുകളിലാണ് ലക്കി ഭാസ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പന്‍ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഒരു ഗാനവും ടീസറും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.