നിരക്ക് വര്‍ധിപ്പിക്കാന്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികള്‍ തീരുമാനിച്ചതിന് പിന്നാലെ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. 11 മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധന നടത്തിയ കമ്പനികളുടെ നീക്കം സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ജിയോ ഉപേക്ഷിക്കണമെന്നും ബി.എസ്.എന്‍.എല്ലിലേക്ക് മടങ്ങണമെന്നും ആഹ്വാനം ചെയ്യുന്ന ബോയ്‌ക്കോട്ട് ജിയോ, ബി.എസ്.എന്‍.എല്‍ കീ ഘര്‍വാപസി ക്യാംപയിനുകളും സോഷ്യല്‍ മീഡിയയില്‍ നടന്നു. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ബി.എസ്.എന്‍.എല്ലിന് തുണയായി മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം 2.5 ലക്ഷം ആളുകള്‍ മറ്റ് മൊബൈല്‍ കമ്പനികളെ ഉപേക്ഷിച്ച് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സംവിധാനത്തിലൂടെ ബി.എസ്.എന്‍.എല്ലിലേക്ക് മടങ്ങിയെത്തി. നിലവിലുള്ള താരിഫ് നിരക്ക് ആരുടെയും പോക്കറ്റ് കീറില്ലെന്ന ഉറപ്പുള്ളതിനാല്‍ 25 ലക്ഷം പുതിയ കണക്ഷനുകള്‍ ലഭിച്ചതായും ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.എസ്.എന്‍.എല്‍ വളരെ ചെലവുകുറഞ്ഞ പാക്കേജുകളാണ് ഇപ്പോഴും തുടരുന്നത്. 2 ജിബി പ്രതിദിന ഇന്റര്‍നെറ്റ് നല്‍കുന്ന എയര്‍ടെല്‍, ജിയോ കമ്പനികളുടെ വാര്‍ഷിക പ്ലാന്‍ 3,599 രൂപയാണ്. എന്നാല്‍ സമാനമായ പ്ലാന്‍ 395 ദിവസത്തേക്ക് ബി.എസ്.എന്‍.എല്ലില്‍ 2,395 രൂപക്ക് ലഭിക്കും. അതായത് ഒരു വര്‍ഷം ടെലഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ക്കായി ഒരാള്‍ ചെലവഴിക്കുന്ന തുകയില്‍ 1,204 രൂപയുടെ ലാഭം. 28 ദിവസത്തിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുടേത് 199 രൂപയും ജിയോയുടേത് 189 രൂപയുമാണ്. എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റേത് തുടങ്ങുന്നത് 108 രൂപയ്ക്കാണ്. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, വോയിസ് കാള്‍, ചില ഒ.ടി.ടി ആപ്പുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവ അടങ്ങിയ നിരവധി ജനപ്രിയ പ്ലാനുകളും ബി.എസ്.എന്‍.എല്ലിനുണ്ട്.