ചിയോതിക്കാവിന്റെയും മൂന്ന് തലമുറകളുടെയും കഥ പറയുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിലൂടെ കാസർകോടൻ ഭാഷയും ദേശവും വീണ്ടും വെള്ളിത്തിരയിൽ. കാമ്പുള്ള കഥയും കഥാപാത്രങ്ങളും കെട്ടുറപ്പുള്ള തിരക്കഥയും ഒരുക്കിയത് നീലേശ്വരം ചിറപ്പുറം സ്വദേശിയായ സുജിത്ത് നമ്പ്യാരാണ്. ചീമേനി പോത്താംകണ്ടം അരിയിട്ടപാറ, നീലേശ്വരം, മടിക്കൈ ഏച്ചിക്കാനം തറവാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. നാട്ടുകാരും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. അരിയിട്ടപാറയിൽ സർക്കാർഭൂമി വാടകയ്ക്കെടുത്ത് തീർത്ത സെറ്റാണ് ചിയോതിക്കാവായി മാറിയത്. മടിക്കൈ ഏച്ചിക്കാനം തറവാടാണ് അജയന്റെ നായിക ലക്ഷ്മിയുടെ വീടായത്. കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സി.ജി.ഐ.) ഉപയോഗിച്ചാണ് പ്രദേശങ്ങളുടെ ആകാശദൃശ്യമൊരുക്കിയത്. നരിമാളമായി കാണിച്ചത് ഭീമനടി കൂവപ്പാറയിലെ ഗുഹയാണ്. അരിയിട്ടപാറയിലെ ഒരു കാവാണ് ചിത്രത്തിൽ ആമത്തുരുത്തായത്. ചിത്രത്തിന്റെ തുടക്കത്തിൽ കുഞ്ഞിക്കേളുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രംഗം നീലേശ്വരം അഴിത്തല ബീച്ചിലാണെടുത്തത്. ഇടക്കൽ രാജാവിന്റെ കോട്ടയായി കാണിക്കുന്നത് ബേക്കൽ കോട്ടയാണ്. കോട്ടയുടെ ഉൾഭാഗത്തെ രംഗങ്ങൾ തമിഴ്നാട് കാരെക്കുടിയിലാണ് ചിത്രീകരിച്ചത്. അതിരപ്പിള്ളിയിൽ ഒരു ഗാനരംഗവും അവസാനഭാഗത്തെ ചില രംഗങ്ങളും ചിത്രീകരിച്ചു.
മൂന്ന് കാലഘട്ടങ്ങളിലൂടെ ചിയോതിക്കാവിന്റെ നിഗൂഢതകളും രഹസ്യങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുകയാണ് നവാഗതനായ സംവിധായകൻ ജിതിൻ ലാൽ. വീരനായ കുഞ്ഞിക്കേളുവായും നാടിനെ ജയിച്ച കള്ളൻ മണിയനായും കൊച്ചുമകൻ അജയനായുമെത്തിയ ടൊവിനോ തോമസ് പ്രകടനത്തിൽ മാത്രമല്ല കാസർകോടൻ സംഭാഷണശൈലിയിലും മികച്ചുനിന്നു. ജോമോൻ ടി. ജോണിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ദിബു നൈനാന്റെ സംഗീതവും കാസർകോടിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടി.
Advertisements
Advertisements
Advertisements
Advertisements
Advertisements