ഉദ്യോഗസ്ഥരെത്തിയത് ടൂറിസ്റ്റ് ബസിൽ; ഉല്ലാസയാത്രയെന്ന ബാനർ: അതീവ രഹസ്യ ഓപ്പറേഷൻ

Advertisements
Advertisements

കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ വാഹനങ്ങൾ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരിൽ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരിൽ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ പറഞ്ഞു.




‘‘റെയ്ഡിനെക്കുറിച്ച് വളരെ ഉയർന്ന ഏതാനും ചില ഉദ്യോഗസ്ഥർക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലഞ്ച് ഉദ്യോഗസ്ഥർ മാസങ്ങളായി തൃശൂർ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയിൽ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തൃശൂരിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരിൽനിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികൾ.




എറണാകുളം ജില്ലയിൽനിന്ന് ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥരെ ഇവിടെയെത്തിച്ചത്. അഞ്ച് ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലുമായാണ് തൃശൂർ വടക്കുന്നാഥന്റെ ഗ്രൗണ്ടിൽ ഉദ്യോഗസ്ഥരെ ഇറക്കിയത്. ഇന്നലെ റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥർക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഉല്ലാസയാത്ര, അയൽക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകൾക്കു നൽകിയിരുന്നത്. ആർക്കും സംശയം തോന്നാത്ത തരത്തിൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാതെയാണ് റെയ്ഡിന് ഒരുക്കം നടത്തിയത്.




റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത അനുസരിച്ചു കുറഞ്ഞത് പത്തു ഉദ്യോഗസ്ഥരെയെങ്കിലും നിയോഗിച്ചിരുന്നു. നാലു പേരെയും 15 പേരെയും നിയോഗിച്ച സ്ഥലങ്ങളുണ്ട്. ഇന്നലെ രാവിലെ മുതൽ ഇപ്പോൾ വരെയും ഈ 640 ഉദ്യോഗസ്ഥർ ഉറങ്ങിയിട്ടില്ല. ഇന്നലെ രാവിലെ ഒൻപതു മണിക്കു തുടങ്ങിയ പ്രോസസ് ആണ്. ഇന്നു വൈകിട്ടോടെയേ നടപടികൾ അവസാനിക്കൂ. പിടിച്ചെടുത്ത സ്വർണം ട്രഷറിയിലേക്കു മാറ്റും’’ – അദ്ദേഹം പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!