നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കുന്നു. റിലീസിന് പിന്നാലെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ ആഗോളതലത്തിൽ 1,483.10 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയുടെ വേഷം അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിലുണ്ട്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വേഷമിടുന്നു.നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സോണി പിക്ചേഴ്സും ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസുമാണ് വിതരണച്ചുമതല നിർവഹിക്കുന്നത്.
ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആഗോള നിലവാരത്തിലുള്ള ദൃശ്യവിസ്മയമായി അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. ലോകമെമ്പാടും ആരാധകരുള്ള ശ്രീരാമന്റെ ജീവിതകഥയും ധർമത്തിന്റെ സന്ദേശവുമാണ് സിനിമയുടെ പ്രമേയം. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകൾ ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
മറ്റൊരു പ്രധാന ആകർഷണം സംഗീതരംഗത്തെ ഇതിഹാസങ്ങളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ്. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിഎൻഇജിയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമാ പരമ്പരയിലെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടും ചേർന്നുനിൽക്കുന്ന രാമായണത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകപ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം
ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി ‘രാമായണം’; ആഗോള കളക്ഷൻ 1,483 കോടി കടന്നു













Leave a Reply