അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്നർ കൂലിപ്പട്ടാളത്തിന്റെ വാർത്തകൾ രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. റഷ്യയിൽ പുട്ടിന്റെ പരമാധികാരത്തിന് ഇളക്കം തട്ടിയെന്നതരത്തിലും എന്നാൽ എല്ലാം നാടകമാണെന്നുമൊക്കെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ ഗൂഗിള്‍ ന്യൂസ് ലഭിക്കുന്നത് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തടസപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
വാഗ്നര്‍ കൂലിപ്പട്ടാളം റഷ്യക്കെതിരെ തിരിഞ്ഞ വാർത്തകളെത്തിയതിനു പിന്നാലെയായിരുന്നു ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ നടപടി. റോസ്ടെലിക്കോം, യു-ലാന്, ടെൽപ്ലസ് 1 എന്നിവയടക്കം കുറഞ്ഞത് അഞ്ചു സേവന ദാതാക്കള്‍ ഗൂഗിള്‍ ന്യൂസ് തടഞ്ഞുവെന്നാണ് ഇന്റര്‍നെറ്റ് നിരീക്ഷകരായ നെറ്റ്ബ്ലോക് ട്വീറ്റു ചെയ്തത്. റോസ്തേവ് നഗരത്തിലെ റഷ്യന്‍ സൈനിക ആസ്ഥാനവും യെവ്ഗിനി പ്രിഗോഷിന്റെ വാഗ്നര്‍ സേന പിടിച്ചെടുത്തിരുന്നു. പുടിന്റെ വിശ്വസ്തനായ ബെലാറീസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെന്‍കോ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രിഗോഷിന് വാഗ്നര്‍ സേനയെ പിന്‍വലിക്കുകയായിരുന്നു..
പുടിന്റെ വിശ്വസ്ത സേനയായി കരുതപ്പെട്ടിരുന്ന വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ അട്ടിമറി ശ്രമത്തില്‍ റഷ്യയും ലോകവും ഞെട്ടിയിരുന്നു. ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടതിനെ തുടര്‍ന്ന് പ്രിഗോഷിന് ബെലാറൂസിലേക്ക് പോയി . യുക്രെയ്നിലെ യുദ്ധത്തില്‍ റഷ്യന്‍ സേനക്കൊപ്പം അണി നിരക്കാന്‍ വാഗ്നര്‍ പടയോട് പ്രിഗോഷിന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16 മാസമായി യുക്രെയ്നില്‍ യുദ്ധ മുഖത്തുള്ള റഷ്യന്‍ അനുകൂല സ്വകാര്യ സേനയാണ് വാഗ്നര്‍ ഗ്രൂപ്പ്. തുടക്കത്തില്‍ യുക്രെയ്നില്‍ റഷ്യന്‍ സേനക്ക് മുന്നേറ്റമുണ്ടാക്കുന്നതില്‍ വാഗ്നര്‍ ഗ്രൂപ്പും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പിന്നീട് റഷ്യയില്‍ നിന്നും സാമ്പത്തിക പിന്തുണയും ആയുധ വിതരണവും കുറഞ്ഞതാണ് വാഗ്നര്‍ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം യുക്രെയ്നിലെ യുദ്ധ തന്ത്രം മാറ്റുന്നതിന്റെ ഭാഗമായുള്ള പുടിന്റെ നാടകമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. റഷ്യക്കകത്ത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ ന്യൂസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സൂചനകള്‍.