ഏറ്റവും ജനശ്രദ്ധ ലഭിച്ചിരിക്കുന്ന നിർമിതബുദ്ധി സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 101,000 ചാറ്റ്ജിപിടി അക്കൗണ്ടുകളില്‍ നിന്നുള്ള ഡേറ്റയാണ് ലീക്കായിരിക്കുന്നതത്രേ. ഇതില്‍ 12,632 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതിലേറെയും ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.
ചാറ്റ് ഹിസ്റ്ററി പുറത്തായി
ചാറ്റ്ജിപിടിയില്‍ മുന്‍ ചാറ്റുകളുടെ ഹിസ്റ്ററി സ്റ്റോർ ചെയ്യാന്‍ സാധിക്കും. ഇതാണ് ഇന്‍ഫോ-സ്റ്റീലിങ് മാല്‍വെയര്‍ ഉപയോഗിച്ച് ശേഖരിച്ചതെന്നു പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വ്യക്തികളെക്കുറിച്ച് പലതും മനസ്സിലാക്കാമെന്നു ഗവേഷകര്‍ പറയുന്നു. ഇന്‍ഫോ-സ്റ്റീലറുകള്‍ ബാധിച്ച കംപ്യൂട്ടറുകളിലെ ബ്രൗസറുകള്‍ വഴിയാണ് ഇരകളുടെ സ്വകാര്യ ഡേറ്റയിലേക്ക് കടന്നുകയറിയിരിക്കുന്നത്. ഫിഷിങ് (phishing)ആക്രമണങ്ങള്‍ വഴി പെട്ടെന്ന് ഒട്ടനവധി കംപ്യൂട്ടറുകളിലേക്കു കയറാന്‍ ഇത്തരം മാല്‍വെയറിന് സാധിക്കുമത്രേ.
എന്തു ചെയ്യാം?
മാല്‍വെയര്‍ കയറിയിട്ടുണ്ടോ എന്ന് സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പരിശോധിപ്പിക്കുന്നത് ആദ്യ ഘട്ടമാണ്. ബ്രൗസറുകളുടെ കുക്കികളും മറ്റും ക്ലിയര്‍ ചെയ്യുന്നതും ഗുണംചെയ്യും. അതേസമയം, ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് ചാറ്റ്ജിപിടിയിൽ ലഭിക്കുന്ന വിവരങ്ങള്‍ ഒരു നോട്ട്പാഡിലോ മറ്റോ സേവ് ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നതാണ്. വളരെ രഹസ്യാത്മകത വേണ്ട ജോലി ചെയ്യുന്നവരും ചാറ്റ്ജിപിടിയെ കൂടുതലായി ആശ്രയിച്ച് തങ്ങളുടെ ശേഷി വർധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചാറ്റ്ഹിസ്റ്ററി കോപ്പി ചെയ്ത് സേവു് ചെയ്ത ശേഷം, ചാറ്റ്ജിപിടിയിലെ ഹിസ്റ്ററി ഡിലീറ്റു ചെയ്യുന്നതായിരിക്കും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും ഫലവത്തായ പ്രതിരോധങ്ങളിലൊന്ന്