ന്യൂയോർക്ക്: ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹൊറിസോണ്‍ ആർക്ടിക് എന്ന കനേഡിയൻ കപ്പലിലാണ് സമുദ്രത്തിനടിയിൽ നിന്നും വീണ്ടെടുത്ത ടൈറ്റൻ്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചത്. കാനഡയിലെ സെൻ്റ് ജോണ്‍സ് ന്യൂഫോണ്ട്ലാൻഡ് തുറമുഖത്തേക്ക് ആണ് അവശിഷ്ടങ്ങൾ എത്തിച്ചത്. ടൈറ്റൻ പേടകം കാണാതായ സമുദ്രമേഖലയിൽ നിന്നും 650 കിലോ മീറ്റർ അകലെയാണ് ഈ തുറമുഖം.
വീണ്ടെടുത്ത അവശിഷ്ടങ്ങൾ അമേരിക്കൻ കോസ്റ്റ് ഗാർഡ് ഏറ്റെടുത്ത് ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കും. ഇതിലൂടെ അപകടത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകത്തിൻ്റെ അവശിഷ്ടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ സമുദ്രനിരപ്പിൽ നിന്നും രണ്ട് കിലോമീറ്ററോളം ആഴത്തിൽ വച്ചാണ് ടൈറ്റൻ പേടകം പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. വിദൂര നിയന്ത്രിത റോബോട്ടുകളെ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ കണ്ടെത്തിയ ഈ അവശിഷ്ടങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തേക്ക് എത്തിച്ചത്. അവശിഷ്ടങ്ങൾ വീണ്ടെടുത്തതോടെ ടൈറ്റൻ പേടകത്തിനായി സമുദ്രത്തിൽ നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചെന്നാണ് വിവരം. സമുദ്രത്തിനടിയിൽ തകർന്നു കിടക്കുന്ന ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറിയാണ് ടൈറ്റൻ പേടകത്തിൻ്റെ അവശിഷ്ടങ്ങൾ കിടന്നത്.