കറികൾക്ക് സ്വാദു നൽകുന്ന കറിവേപ്പില അടുക്കളയിൽ അത്യന്താപേക്ഷികമായ ഒന്നാണ്. ഏറെ പോഷകഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട്. പാചകത്തിനു ഉപയോഗിക്കുന്നതിനു അപ്പുറം ചർമ്മസംരക്ഷണം/ മുടി സംരക്ഷണം എന്നിവയ്ക്കും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമൊക്കെ കറിവേപ്പില ഉപയോഗിക്കാം. നാരുകളാൽ സമ്പുഷ്ടവും, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ കറിവേപ്പില ജീവിതശൈലി പ്രശ്നങ്ങളായ അമിതവണ്ണം പോലുളളവ മറികടക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ പലപ്പോഴും വിഷാംശം കൂടുതലാണ്. അതിനാൽ തന്നെ വീടിനോടോ ഫ്ളാറ്റിനോടോ ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വെച്ചു പിടിപ്പിക്കാനായാൽ അതാണ് ഏറ്റവും ആരോഗ്യകരം.
ഇനി അതിനുള്ള സാഹചര്യമില്ല എന്നാണെങ്കിൽ, കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിലെ വിഷാംശം ശരിയായി നീക്കം ചെയ്യുന്നു എന്ന് ഉറപ്പാക്കണം. ഒരു പാത്രത്തില് വെള്ളമെടുത്ത് അല്പം മഞ്ഞള്പൊടി ചേർത്തിളക്കി അതിൽ കറിവേപ്പില 10 മിനിറ്റോളം മുക്കി വയ്ക്കുക. ശേഷം നന്നായി ഇലകൾ കഴുകി വൃത്തിയാക്കുക. അതിനു ശേഷം നനവു കളഞ്ഞുവേണം കറിവേപ്പില ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുന്നത്. ഇലയിൽ നനവുണ്ടെങ്കിൽ കറിവേപ്പില പെട്ടെന്നു തന്നെ ചീഞ്ഞുപോവും.
കറിവേപ്പില കേടു കൂടാതെ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടുത്താം.
ഇലയിലെ നനവ് നന്നായി തുടച്ചു കളഞ്ഞതിനു ശേഷം ഒരു ഗ്ലാസ്സ് ബോട്ടിലിലോ കുപ്പിയിലോ സൂക്ഷിച്ചുവയ്ക്കുക.
രണ്ടാമത്തെ രീതി, നന്നായി കഴുകിയെടുത്ത കറിവേപ്പില ഉണങ്ങിയ ടവ്വലിനു മുകളിൽ വെള്ളം വാർന്നുപോവാനായി വയ്ക്കുക. ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് ശേഷിക്കുന്ന ജലാംശം ഒപ്പി കളയുക. കറിവേപ്പിലയുടെ ഇലകൾ തണ്ടിൽ നിന്നും വേർപ്പെടുത്തി അവ മൂന്നു മണിക്കൂറോളം ഉണങ്ങാൻ ഇടുക. ശേഷം പ്ലാസ്റ്റിക് സ്റ്റോറേജ് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച് മുകളിലായി കറിവേപ്പില ഇലകൾ നിരത്തിവയ്ക്കുക. മുകളിലായി വീണ്ടുമൊരു ടിഷ്യൂ പേപ്പർ കൂടി വിരിച്ചതിനു ശേഷം വായു കേറാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.
മറ്റൊരു രീതി, ജലാംശം ഉണക്കികളഞ്ഞ കറിവേപ്പില തണ്ടോടു കൂടി തന്നെ ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ്