ജനങ്ങളുടെ രക്ഷകരെന്ന് വിശേഷിപ്പിക്കുന്നവർ എന്തുകൊണ്ട് ചിലർക്കെതിരെ മാത്രം പ്രതികരിക്കുന്നു? CJPക്കെതിരെ മാധവ്

കൊച്ചി: സിജെപിക്കെതിരെ വിമര്‍ശനവുമായി സുരേഷ് ഗോപി എംപിയുടെ മകനും നടനുമായ മാധവ് സുരേഷ്. സ്വയം ‘ജനങ്ങളുടെ രക്ഷകര്‍’ എന്ന് വിശേഷിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണ് ചിലര്‍ക്കെതിരെ മാത്രം പ്രതികരിക്കുന്നത് എന്ന് ചിന്തിക്കൂവെന്ന് മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ പ്രതിഷേധത്തിന്റെ വിജയം വിദ്യാര്‍ത്ഥികളുടേത് മാത്രമാണെന്നും അവര്‍ സ്വന്തം ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടത് നേടിയെന്നും പറഞ്ഞ മാധവ് ആ സമരത്തെ താന്‍ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിങ്ങളില്‍ ചിലര്‍ ബിജെപിയോടുള്ള വെറുപ്പിന്റെ പേരില്‍ മാത്രം സിജെപി എന്ന ഈ വിചിത്ര സംഘടനയുടെ കൂടെ നില്‍ക്കാന്‍ തയ്യാറാകുന്നുവെന്നും അതാണ് പ്രശ്‌നമെന്നും മാധവ് കുറിച്ചു.

രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയത്തോടുതന്നെ തനിക്ക് എതിര്‍പ്പാണ്. തന്റെ അച്ഛന്‍ അംഗമായിരിക്കുന്ന പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും താന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ടെന്നും മാധവ് പറഞ്ഞു. സിജെപിക്ക് ആരാണ് ധനസഹായം നല്‍കുന്നതെന്ന് അന്വേഷിക്കൂവെന്നും അവരുടെ സ്ഥാപകരുടെ കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനചരിത്രം പരിശോധിക്കൂവെന്നും താരം പറയുന്നു.’സ്വയം ജനങ്ങളുടെ രക്ഷകര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണ് ചിലര്‍ക്കെതിരെ മാത്രം പ്രതികരിക്കുന്നത് എന്നതും ചിന്തിക്കൂ. അതിലുപരി, പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ ഈ ‘ഹീറോകള്‍’ എവിടെയായിരുന്നു? വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ സമയത്ത് അവര്‍ എങ്ങനെയാണ് സ്വന്തം പിആര്‍ വളര്‍ത്തിയെടുത്തത്?. കണ്ണ് തുറന്ന് നോക്കൂ. സര്‍ക്കാരിനെ എത്ര വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ, നിങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തില്‍ ആരെയെങ്കിലും അന്ധമായി വിശ്വസിക്കരുത്’, മാധവ് സുരേഷ് കുറിച്ചു.

ഇന്നലെയും സിജെപിയെ വിമർശിച്ച് മാധവ് കുറിപ്പ് പങ്കുവെച്ചിരുന്നു. പഞ്ചാബിലെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തതെന്നും എന്താണ് എല്ലാവരും നിശബ്ദരായതെന്നും മാധവ് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ബിജെപി ഉൾപ്പെടാത്ത സംഭവങ്ങളിലെ പ്രശ്നങ്ങൾ ആളുകൾ മനപൂർവ്വം മറക്കുന്നുവെന്നാണ് മാധവ് വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights