മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു; ഇടപെടാതെ ഹൈക്കോടതിയും

തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പാണ് അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലായതിനാല്‍ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷന്‍ ഭാഗത്ത് ചിത്രീകരണത്തിന് അനുമതിയുണ്ട്.ഷൂട്ടിങ്ങിന് അനുമതി തേടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. വനം വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് തരുണ്‍ മൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ റാന്നി ഡിഎംഒയുടെ ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി.

ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. മുഴുവന്‍ സ്‌ക്രിപ്റ്റും സമര്‍പ്പിക്കണമെന്നതായിരുന്നു ഇതിനായി ദേവസ്വം ബോര്‍ഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടാവരുതെന്നും അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്നും വനംവകുപ്പില്‍ നിന്നും അനുമതി തേടണമെന്നും നിബന്ധന വെച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു.എന്നാല്‍ വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്. മാധ്യമ വാര്‍ത്ത മാത്രമെ അറിഞ്ഞിട്ടുള്ളൂ. ശബരിമലയില്‍ സിനിമാ ഷൂട്ടിംങ് അനുവദിക്കില്ല. ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട പുരാണസിനിമകള്‍ക്ക് മാത്രമെ അനുവാദം കൊടുക്കൂ. പൊതുസിനിമകള്‍ അനുവദിക്കാറില്ല. പുരാണങ്ങള്‍ക്ക് മാത്രമെ അനുവാദം കൊടുക്കാറുള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights