സ്വർണത്തെക്കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്വർണം വലിയൊരു നിക്ഷേപമാണെന്നും അതൊരു സമ്പാദ്യമാണെന്നും മമ്മൂട്ടി പറഞ്ഞു. ‘സ്വർണത്തേക്കാൾ വില കൂടിയത് വല്ലതുമുണ്ടോ ?’ എന്ന ചോദ്യത്തോടെയായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം ആരംഭിച്ചത്. “കാലിഫോർണിയം..അങ്ങനെയൊരു മെറ്റൽ ഉണ്ട്.ഇറിഡിയം അങ്ങനെയൊരു മെറ്റലുണ്ട്. റോഡിയം അങ്ങനെയൊരു മെറ്റലുണ്ട്. ഇതുകൊണ്ട് മാലയും കമ്മലുമൊന്നും പണിയിച്ച് ഇടാൻ ഒക്കത്തില്ല. ഇതൊക്കെ വിലയുണ്ടെന്ന് പറഞ്ഞിങ്ങനെ കാണിക്കാം. വേറെ ഒരുപാട് വലിയ വലിയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മെറ്റൽസ് ആണിത്.
നമ്മളുപയോഗിക്കുന്ന സ്വർണം, വലിയ വില കൂടിയ ലോഹം അല്ല നമ്മൾ ഇടുന്നത് എന്ന സമാധാനത്തിന് വേണ്ടി ഞാൻ പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. സ്വർണത്തിന് നിങ്ങൾ വിചാരിക്കുന്ന വിലയല്ല, അതിനേക്കാൾ കൂടിയ വിലയുണ്ട്. സ്വർണം ആഭരണങ്ങളായും ഇടാം, അല്ലാതെയും ഇടാം. പിന്നെ സ്വർണം വലിയൊരു നിക്ഷേപമാണ്. സ്വർണം നമുക്കൊരു സമ്പാദ്യമാണ്.ഇന്നല്ലെങ്കിൽ നാളെ നമുക്കൊരു അത്യാവശ്യം വരുമ്പോൾ സ്വർണം മാത്രമേ ആൾക്കാർ ഉടനെ എടുക്കുകയുള്ളൂ. വസ്തുക്കളൊന്നും ഉപയോഗിക്കാൻ പറ്റിയ കാലമല്ല ഇത്. അതുകൊണ്ട് എല്ലാവരും നമുക്ക് ആകുന്നതു പോലെ സ്വർണം ശേഖരിക്കുക. ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തിപരമായ സ്വർണമുള്ളത് ഇന്ത്യയിലാണെന്നാണ് പറയുന്നത്.
അതായത് ഗവൺമെന്റിന്റെ കയ്യിൽ അല്ലാതെ ജനങ്ങളുടെ കയ്യിൽ ഏറ്റവും കൂടുതൽ സ്വർണമുള്ളത് ഇന്ത്യയിലാണെന്നാണ് പറയപ്പെടുന്നത്. അത് ശരിയാണെന്ന് തോന്നുന്നു. നമ്മുടെ ആൾക്കാർക്ക് സ്വർണത്തോട് താല്പര്യം വരാൻ രണ്ട് കാര്യമുണ്ട്. ഒന്ന് ആഭരണം, രണ്ട് അതൊരു നിക്ഷേപമാണ്”.- മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ ഒരു ജ്വലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി.









