‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ

Advertisements
Advertisements

ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ പാർട്ട് ടൈം ജോലിക്കായി നിങ്ങളെ ആരെങ്കിലും സമീപിച്ചാൽ സൂക്ഷിക്കുക ! ഓൺലൈൻ രംഗത്തെ ലക്ഷകണക്കിന് രൂപ നഷ്ടപ്പെടാവുന്ന തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണിത്. കഴിഞ്ഞ മാസം കൊച്ചിയിൽ അഞ്ചോളം പേർക്കാണ് അവർ അധ്വാനിച്ചുണ്ടാക്കിയ പണം സൈബർ തട്ടിപ്പുകാരുടെ വലയിൽ വീണതോടെ നഷ്ടപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

Advertisements

കഴിഞ്ഞ മാസം 22 നാണ് യൂട്യൂബർമാർക്ക് കൂടുതൽ സബ്സ്ക്രൈബേർസിനെയും ആവശ്യമായ ലൈക്കുകളും നേടാൻ സഹായിക്കുന്ന കമ്പനിയെന്ന പേരിൽ ഫോർട്ട് കൊച്ചി സ്വദേശിനിക്ക് വാട്സാപ്പിൽ ജോലി സംബന്ധമായ ഒരു സന്ദേശം ലഭിക്കുന്നത്. ലൈക്ക് ചെയ്ത ഓരോ വീഡിയോയ്ക്കും 50 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ജോലി താരതമ്യേന എളുപ്പവും ലഭിക്കുന്ന പ്രതിഫലം ആരെയും ആകർഷിക്കുന്നതും ആയതിനാൽ യുവതി ജോലി സ്വീകരിച്ചു.

തുടക്കത്തിൽ ഒരു അക്കൗണ്ട് നമ്പർ നൽകി ചെറിയൊരു തുക ട്രാൻസ്ഫർ ചെയ്യാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുക അടച്ചതോടെ യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്തതിനുള്ള കമ്മീഷൻ ഉൾപ്പെടുന്ന ഒരു റിട്ടേൺ പേയ്‌മെന്റ് തിരികെ ലഭിച്ചു. വലിയ തുക നിക്ഷേപിച്ചാൽ കമ്മീഷനും റിട്ടേണും ആനുപാതികമായി കൂടുതലായിരിക്കുമെന്നും പിന്നീട് അവർ അറിയിച്ചു. തുടർന്ന് മാർച്ച് 22, 23 തീയതികളിലായി 39.38 ലക്ഷം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി യുവതി അയച്ചത്. എന്നാൽ കമ്മീഷൻ ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞ പണമൊന്നും യുവതിക്ക് ലഭിച്ചില്ല എന്ന് പോലീസ് പറയുന്നു.

Advertisements

സമാന രീതിയിൽ എരൂർ സ്വദേശിക്കും പണം നഷ്ടപ്പെട്ടിരുന്നു. 19.40 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ പോയത്. കൂടാതെ 11.25 ലക്ഷം രൂപ നഷ്ടപ്പെട്ട മുളവുക്കാട് സ്വദേശിയുടെയും 1.3 ലക്ഷം രൂപ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെയും പരാതികൾ കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട് . യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾക്കും വീഡിയോകൾക്കും മറ്റും ലൈക്കുകൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കായും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ വ്യാജമാണ്. തട്ടിപ്പിന് ഇരയായവരിൽ പലരും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ബന്ധപ്പെടുന്നത് എന്നും ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

തട്ടിപ്പിന് ഇരയായവർ പണം അയക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ പലതും പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ഗ്രാമീണ ശാഖകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ആരംഭിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരകൾ പണം അയച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതികൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. ഇങ്ങനെ ലഭിക്കുന്ന പണം പ്രതി ക്രിപ്‌റ്റോ കറൻസികളാക്കി മാറ്റുന്നതിനാൽ ആർക്കും പണം കണ്ടെത്താൻ കഴിയുകയുമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പിന്നിൽ സംഘടിത സംഘങ്ങളുണ്ട് എന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചകളിലും എറണാകുളം റൂറൽ സൈബർ പോലീസ് സ്‌റ്റേഷനിൽ സമാനമായ പരാതികൾ ലഭിച്ചിരുന്നു. ജനുവരി മുതൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യം പാർട്ട് ടൈം ജോലി തട്ടിപ്പാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

മിക്ക തട്ടിപ്പുകാരും തങ്ങളുടെ ഇരകളെ സോഷ്യൽ മീഡിയയിലൂടെയാണ് ആകർഷിക്കുന്നത്. അതിനാൽ അധിക പണം സമ്പാദിക്കാനുള്ള തൊഴിൽ അവസരം വാഗ്‌ദാനം ചെയ്യുന്ന ഒരു സന്ദേശമോ ഫോൺ കോളോ വന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് ആദ്യം കമ്പനിയെക്കുറിച്ച് അന്വേഷിക്കണം. തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ ജാഗ്രത പാലിക്കുക. നിയമാനുസൃതമായ തൊഴിലുടമകൾ ഒരിക്കലും ഒരു ജോലിക്കായി പണം അയക്കാൻ ആവശ്യപ്പെടില്ല. അതിനാൽ അവരിൽ നിന്ന് പണം സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്യരുത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!