ചുവടുവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ജിയോ സ്വന്തം 5ജി സ്മാർട്ട്ഫോൺ രംഗത്തിറക്കി ഇന്ത്യയെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ്. ജിയോയുടെ 5ജി ഫോൺ എത്തുന്നത് സംബന്ധിച്ച വാർത്തകൾ ഏറെ നാളായി കേൾക്കുന്നുണ്ടെങ്കിലും ഫോണിനെ സംബന്ധിച്ച കാര്യമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. അതിനാൽത്തന്നെ ആകാംക്ഷകളും ഏറെയായിരുന്നു.
എന്നാലിപ്പോൾ എല്ലാ പ്രതീക്ഷകൾക്കും കൂടുതൽ കരുത്ത് പകർന്നുകൊണ്ട് ജിയോ 5ജി സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു. അർപിത് പട്ടേൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ട്വിറ്ററിലൂടെ ജിയോ 5ജി ഫോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ജിയോ 5ജി ഫോൺ വിപണിയിലെത്തും എന്ന് കരുതപ്പെടുന്നു.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ജിയോ 5ജി ഫോണിന്റെ ചിത്രങ്ങൾ ഫോണിനെക്കുറിച്ചുള്ള ഏകദേശ ധാരണ സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്. ഫോണിന്റെ പിന്നിൽ ഗുളിക ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഇരുണ്ട നീല ടോണും കാണാം. എൽഇഡി ഫ്ലാഷിനായി ഒരു കട്ട്ഔട്ട് ഉണ്ട്. ട്വിറ്റർ പോസ്റ്റിൽ ഫോണിന്റെ മുൻഭാഗവും കാണിക്കുന്നു.
6.6 ഇഞ്ച് വലിപ്പമുള്ള, ഉയരമുള്ള ഡിസ്‌പ്ലേ ഫോണിൽ പ്രതീക്ഷിക്കാം. പുറത്തുവന്ന ജിയോ 5ജി ചിത്രങ്ങളുടെ കൂട്ടത്തിൽ, ഡൗൺലോഡ് വേഗത 479Mbps കാണിക്കുന്ന ഒരു ജിയോ 5ജി സ്പീഡ് ടെസ്റ്റും ദൃശ്യമാണ്. ജിയോ 5ജി ഫോണിനെക്കുറിച്ച് ചില സൂചനകൾ ഒക്കെ നൽകുന്നുണ്ട് എങ്കിലും വ്യക്തമായ ചിത്രങ്ങൾ അല്ല പുറത്തുവന്നിരിക്കുന്നത്.
ഇത് ഒരു ഡമ്മി യൂണിറ്റ് അല്ലെങ്കിൽ ഒരു പ്രൊഡക്ഷൻ യൂണിറ്റിന്റെ ചിത്രങ്ങൾ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. യഥാർഥഫോൺ ചിലപ്പോൾ ഇതിൽനിന്ന് വ്യത്യസ്തമായിരിക്കാൻ സാധ്യതയുണ്ട്. എങ്കിലും ജിയോ 5ജി ഫോണിൽ ഡൈമെൻസിറ്റി 700 ചിപ്സെറ്റ് അല്ലെങ്കിൽ യൂണിസോക് 5ജി ചിപ്സെറ്റ് ഉണ്ടാകുമെന്ന് ട്വിറ്റർ ഉപയോക്താവ് സൂചിപ്പിക്കുന്നു.
കൂടാതെ ഫ്രണ്ടിൽ 5 മെഗാപിക്സൽ ക്യാമറാകും ഉണ്ടാകുക. ഗൂഗിളുമായി സഹകരിച്ചുകൊണ്ട്, പ്രഗതി ഒഎസ് എന്ന് വിളിക്കപ്പെടുന്ന ആൻഡ്രോയിഡ് ഒഎസിൽ ജിയോ 5ജി ഫോണിൽ എത്തിയേക്കും. മറ്റ് സവിശേഷതകൾ അവ്യക്തമാണ്. ജിയോയുടെ 5ജി ചിലപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങളോടെ ലഭ്യമായേക്കാം.
10,000 രൂപയിൽ താഴെ വിലയിൽ അത്യാവശ്യം മികച്ച ഫീച്ചറുകളോടെ 5ജി സേവനങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ വിധത്തിലാകും ജിയോ 5ജി ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ വർഷം ദീപാവലി ദിനത്തിലോ, പുതുവർഷത്തിലോ ജിയോ 5ജി ഫോൺ അവതരിപ്പിക്കപ്പെട്ടേക്കാം. വിലക്കുറവിൽ ലഭിക്കുന്ന മികച്ച സേവനം തന്നെയാകും ജിയോ 5ജി ഫോണിന്റെ ആകർഷണം.
ഓഫറുകളിലൂടെ കളം പിടിക്കുന്ന റിലയൻസ് ശൈലി 5ജി ഫോണിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടേക്കാം. ജിയോ 5ജി ഫോണിന്റെ ബേസ് വേരിയന്റ് 8000- 10000 രൂപ വിലയിൽ ലഭ്യമാകും എന്നും സൂചനകളുണ്ട്. 4ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജാകും അടിസ്ഥാന മോഡലിൽ ഉണ്ടാകുക.
ഈ വർഷം അവസാനത്തോടെ രാജ്യം മുഴുവൻ തങ്ങളുടെ 5ജി സേവനം എത്തിക്കാൻ ജിയോ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനോട് അനുബന്ധമായിത്തന്നെ ജിയോയുടെ 5ജി ഫോണും എത്തിയേക്കും. ‘ഗംഗ’ എന്ന രഹസ്യപ്പേരിൽ നടക്കുന്ന 5ജി ഫോൺ നിർമാണത്തിലൂടെ, സാധാരണക്കാരുടെ 5ജി മോഹങ്ങൾ നിറവേറ്റുന്നതുപോലൊരു 5ജി ഫോൺ അവതരിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിന് പിന്നാലെ ജിയോ LS1654QB5 എന്ന മോഡൽ നമ്പരിൽ ജിയോയുടെ 5ജി ഫോൺ ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഫോൺ ഉടൻ പുറത്തിറങ്ങും എന്നാണ് ആ ഘട്ടത്തിൽ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് 5ജി ഫോൺ സംബന്ധിച്ച കാര്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ ലീക്ക് ചിത്രങ്ങളിലൂടെ ജിയോ 5ജി ഫോൺ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.