കൊച്ചി: ഇതരസംസ്ഥാനങ്ങളിലെ കനത്ത മഴയെത്തുടർന്ന് കുതിച്ചുയർന്ന പച്ചക്കറിവില ബുധനാഴ്ചയോടെ കുറഞ്ഞുതുടങ്ങി. തക്കാളി, പച്ചമുളക്, ഇഞ്ചി, ബീൻസ്, വെളുത്തുള്ളി എന്നിവയ്ക്കാണ് കഴിഞ്ഞദിവസങ്ങളിൽ വിലയുയർന്നത്. ബുധനാഴ്‌ചയോടെ വിലക്കുറവ് പ്രകടമായെങ്കിലും പഴയനിലയിലേക്ക് എത്തിയിട്ടില്ല.
ചില്ലറ വിപണിയിൽ 110 രൂപവരെയെത്തിയ തക്കാളി വില 90–-95ലേക്ക് താഴ്‌ന്നു. വർധനയ്‌ക്ക് മുമ്പ് 55–-60 രൂപയായിരുന്നു വില. മഴമൂലം മൈസൂരു മാർക്കറ്റിൽനിന്നുള്ള വരവ് കുറഞ്ഞതും തമിഴ്നാട്, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതുമാണ് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിന് കാരണം.
വരും ദിവസങ്ങളിൽ വില വീണ്ടും കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പച്ചമുളകിന് വില 95–115 രൂപയായി. വില 135 വരെ ഉയർന്നിരുന്നു. ബീൻസിന് 100 രൂപയാണ് ചില്ലറ വില. ക്യാരറ്റ്, ക്യാബേജ്, ബീറ്റ്‌റൂട്ട്, ചെറിയ ഉള്ളി എന്നിവയ്‌ക്കും വില കുറഞ്ഞിട്ടുണ്ടെങ്കിലും പഴയനിലയിലേക്ക് എത്തിയിട്ടില്ല.