ഭാര്യയുടെ വിദ്യാഭ്യാസ ചിലവ് വഹിക്കാൻ താൻ തയ്യാറല്ല എന്ന് ബിഹാർ സ്വദേശിയായ യുവാവ്. ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. അന്വേഷിക്കാനായി എത്തിയ പൊലീസിനോട് യുവാവ് പറഞ്ഞ വിചിത്രമായ കാരണം കേട്ട് പൊലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. കൂടുതൽ വിദ്യാഭ്യാസം നേടിയാൽ തന്റെ ഭാര്യ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടുമോ എന്ന ഭയത്താലാണത്രേ ഇയാൾ ഭാര്യയ്ക്ക് തുടർപഠനത്തിന് ആവശ്യമായ പണം നൽകാത്തത്.
ബുക്സറിലെ (ബിഹാർ) ചൗഗായി ഗ്രാമത്തിൽ താമസിക്കുന്ന, പെട്രോൾ പമ്പ് മാനേജരായ പിന്റു സിംഗ് എന്ന ചെറുപ്പക്കാരൻ ആണ് വിചിത്രമായ കാരണം പറഞ്ഞുകൊണ്ട് ഭാര്യയുടെ തുടർപഠനത്തിന് ആവശ്യമായ പണം നൽകാൻ തയ്യാറാകാതിരുന്നത്. ഇതേ തുടർന്ന് ഭാര്യ ഖുശ്ബു കുമാരി മുരാർ പൊലീസ് സ്‌റ്റേഷനിൽ പിന്റുവിനെതിരെ പരാതി നൽകി. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾക്കുള്ള തൻറെ തയ്യാറെടുപ്പുകൾക്ക് ഭർത്താവ് പിന്തുണ നൽകുന്നില്ല എന്നായിരുന്നു ഖുശ്ബുവിന്റെ പരാതി.
ഏതാനും ദിവസങ്ങൾ മുൻപ് ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഗ്രേഡ്-4 ജീവനക്കാരനായ അലോക് വായ്പ എടുത്ത് തന്റെ ഭാര്യയെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സർവ്വ പിന്തുണയും നൽകിയിരുന്നു. തുടർന്ന് പരീക്ഷ പാസായ ജ്യോതി ബറേലി ജില്ലയിൽ സംസ്ഥാന ജില്ലാ മജിസ്‌ട്രേറ്റായി ജോലിയിൽ കയറി. എന്നാൽ, ജോലി ലഭിച്ചതിനുശേഷം തന്റെ ഭാര്യക്ക് ഗാസിയാബാദിലെ ഒരു ഹോം ഗാർഡ് കമാൻഡന്റുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചുകൊണ്ട് അലോക് രംഗത്തെത്തിയിരുന്നു.
പഠനത്തിനാവശ്യമായ പണം നൽകിയ താൻ ചതിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണത്രേ ഭാര്യയെ പഠിപ്പിക്കാൻ ആവശ്യമായ പണം നൽകേണ്ടതില്ല എന്ന തീരുമാനത്തിൽ പിന്റു സിംഗ് എത്തിയത്.
പരീക്ഷ പാസായി ജോലി ലഭിച്ചാൽ തന്റെ ഭാര്യയും സമാനമായ രീതിയിൽ തന്നോട് പെരുമാറുമോ എന്ന ഭയത്താൽ ആണ് താൻ വിദ്യാഭ്യാസ ചെലവ് നിഷേധിച്ചത് എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യക്ക് മുൻപത്തേതു പോലെ തന്നെ തുടർന്നും പിന്തുണ നൽകണമെന്നാണ് പൊലീസ് ഇയാൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.