കുറ്റിപ്പുറം ∙ റെയിൽവേ സ്റ്റേഷനിൽ നിയമം ലംഘിച്ച് പാളത്തിനു മുകളിലൂടെ ഇരുവശത്തേക്കും കടക്കുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക. അപകട സാധ്യതയ്ക്കു പുറമേ ഇന്നുമുതൽ ഇത്തരക്കാരെ പിടികൂടാൻ മഫ്ടിയിൽ ആർപിഎഫ് സംഘവും പ്ലാറ്റ്ഫോമിൽ ഉണ്ടാകും. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷിനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്ന വിദ്യാർഥികളിൽ പലരും ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ മേൽപാലം ഉപയോഗിക്കാതെ റെയിൽവേ പാളം മറികടക്കുന്ന സാഹചര്യത്തിലാണ് ആർപിഎഫ് കർശന പരിശോധന നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആർപിഎഫ് സിഐ ക്ലാരി വത്സ, എസ്ഐ പി.വി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലടക്കം ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഏതാനും ദിവസം മുൻപുണ്ടായ സംഭവമാണ് ആർപിഎഫിനെ ഇത്തരത്തിൽ കർശന പരിശോധന നടത്താൻ പ്രേരിപ്പിച്ചത്. കോഴിക്കോട്–ഷൊർണൂർ പാസഞ്ചറിൽ എത്തിയ വിദ്യാർഥികൾ റെയിൽവേ പാളത്തിലൂടെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് കടന്നുവന്നത്.
വിവിധ ട്രാക്കുകളിലായി ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ പരിഭ്രാന്തരായി ചിതറിയോടി. പലരും തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് ആർപിഎഫ് സംഘം വിവിധ കോളജുകളിലെത്തി പ്രിൻസിപ്പൽമാർക്ക് നോട്ടിസ് നൽകിയിരുന്നു. വിദ്യാർഥികൾക്കൊപ്പം റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ 4 യാത്രക്കാരെ പിടികൂടി പിഴയിട്ടിരുന്നു. ഇന്നുമുതൽ റെയിൽവേ ട്രാക്കിൽ ഇറങ്ങുന്ന മുഴുവൻ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.
പിഴ 1000 രൂപ വരെ
∙ റെയിൽവേ സ്റ്റേഷനുകളിൽ ചട്ടം ലംഘിച്ച് ട്രാക്കിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നിയമ നടപടി ഇങ്ങനെ: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാൽ റെയിൽവേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറു മാസംവരെ തടവു ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കിൽ 1000 രൂപവരെ പിഴയും ഈടാക്കാം