ഇന്ത്യയില്‍ ഇലക്ട്രിക് എയര്‍ ടാക്സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്. 2026 ഓടെ ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്‌സില്‍നിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ 200 ചെറുവിമാനങ്ങളാവും എത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികള്‍ക്ക് ശേഷമാകും സര്‍വീസ്.
യു.എസ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്നാണ് സര്‍വീസ് നടത്തുക. ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്‌സില്‍നിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് വെറും ഏഴു മിനിറ്റ് കൊണ്ട് എത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൈലറ്റടക്കം അഞ്ച് യാത്രക്കാര്‍ക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്‌നൈറ്റ്’ ഇ-വിമാനങ്ങള്‍ സജ്ജമാക്കുന്നത്. ഇവ മെഡിക്കല്‍, എമര്‍ജന്‍സി, ചാര്‍ട്ടര്‍ സേവനങ്ങള്‍ക്കും ഉപയോഗിക്കാനാകും.
പ്രഥമിക ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. ഒക്ടോബറില്‍ യു.എ.ഇയില്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍സ് അറിയിച്ചിരുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്.