ജനപ്രിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യത്തോടുകൂടിയുള്ളതും ലിഡാര്‍ ഇല്ലാത്തതുമായ രണ്ട് വേര്‍ഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് യു7, എസ് യു7 പ്രോ, എസ് യു7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഇതിനുണ്ട്. ആര്‍ഡബ്ല്യൂഡി, എഡബ്ല്യൂഡി എന്നീ രണ്ട് പവര്‍ ഓപ്ഷനുകളും നല്‍കുന്നു.
വിലകുറഞ്ഞ വേരിയന്റുകളില്‍ ബിവൈഡിയുടെ എല്‍എഫ്പി ബാറ്ററി പാക്ക് ആണുണ്ടാവുക. വില കൂടിയവയില്‍ കാറ്റിലിന്റെ എന്‍എംസി ബാറ്ററി പാക്കുകള്‍ അടങ്ങുന്ന വലിയ ബാറ്ററി പാക്കാണുണ്ടാവുക.വലിയ ബാറ്ററിയുള്ളതുകൊണ്ടു തന്നെ ഷാവോമി എസ് യു7 ന്റെ ബേസ് മോഡലിന് 1980 കിലോഗ്രാം ഭാരമുണ്ടാവും. ടോപ്പ് വേരിയന്റിന് 2025 കിലോഗ്രാം ഭാരവുമുണ്ട്. ബേസ് മോഡലുകള്‍ക്ക് മണിക്കൂറില്‍ 210 കിമീ വേഗം കൈവരിക്കാനാവും. ഉയര്‍ന്ന വേരിയന്റുകളില്‍ മണിക്കൂറില്‍ 265 കിമീ വേഗം ലഭിക്കും.
റിയര്‍ ആക്സിലില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ആര്‍ ഡബ്ല്യുഡി വേര്‍ഷന്‍ എത്തുക. ഇതിന് 295 ബിഎച്പി ഉണ്ടാവും. എ ഡബ്ല്യൂഡി വേര്‍ഷനില്‍ 663 ബിഎച്പി ശക്തിയുണ്ടാവും. എഡബ്ല്യൂഡി വേര്‍ഷന്റെ മുന്‍ ചക്രങ്ങളില്‍ 295 ബിഎച്പി മോട്ടോറും പിന്‍ ചക്രങ്ങളില്‍ 368 ബിഎച്പി മോട്ടോറും ആണുണ്ടാവുക.ഈ അവര്‍ഷം ഡിസംബറില്‍ കാറുകളുടെ ഉല്പാദനം ആരംഭിക്കും. 2024 ഫെബ്രുവരിയോടെ വില്‍പനയും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.