പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായി അതിവേഗം കുതിച്ച് ഭാരതം. പുതിയ ദീർഘദൂര മിസൈൽ സംവിധാനം നിർമ്മിക്കാനാണ് തീരുമാനം. ഇത് പ്രതിരോധ മേഖലയിലെ നിർണായക നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ദീർഘദൂര ഭൂതല- ഉപരിതല മിസൈൽ വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യം പുതുതായി നിർമ്മിക്കുന്നത്. മൂന്ന് പാളികളുള്ള വ്യോമ പ്രതിരോധ സംവിധാനം നിർമ്മിക്കാനൊരുങ്ങുന്ന വിവരം പ്രതിരോധ വൃത്തങ്ങളാണ് അറിയിച്ചത്. നിർമ്മാണം ആരംഭിക്കുന്നതിനുള്ള അന്തിമഘട്ട നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർപ്രവർത്തനങ്ങളിലേക്ക് കടക്കും.
400 കിലോമീറ്ററാണ് ഈ മിസൈൽ സംവിധാനത്തിന്റെ ദൂര പരിധി. ഇത് വളരെ ഉയരത്തിൽ പറക്കുന്ന യുദ്ധ വിമാനങ്ങളെയും മിസൈലുകളെയും നിമിഷങ്ങൾ കൊണ്ട് ചുട്ട് ചാമ്പലാക്കാൻ ഇതിന് കഴിയും. മൂന്ന് പാളികൾ ഉള്ളതിനാൽ വിവിധ ദൂര പരിധിയിൽ പറക്കുന്ന ലക്ഷ്യങ്ങളെയും നിഷ്പ്രയാസം നേരിടാം.
ഇസ്രായേലുമായി ചേർന്നാണ് ഹ്രസ്വ ദൂര ഭൂതല ഉപരിതല വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർമ്മിക്കുന്നത്. നിർമ്മാണ ശേഷം ഇവ ചൈന, പാകിസ്താൻ അതിർത്തിമേഖലകളിലാകും വിന്യസിക്കുക. നിലവിൽ ഇതേ സംവിധാനം പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ റഷ്യയിൽ നിന്നുള്ളതാണ്. 2.5 ബില്യൺ ഡോളറാണ് പുതിയ സംവിധാനത്തിന്റെ നിർമ്മാണത്തിനായി ചിലവ് വരിക.