പൊലീസ് ഓഫിസര്‍മാരുടെ ചിത്രമെടുത്തെന്ന കേസില്‍ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവില്‍ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻഷെനിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന കുറ്റത്തിന് ഇദ്ദേഹം അറസ്റ്റിലായത്. പിന്നീട് ചാരവൃത്തി ആരോപിച്ചും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി. ആരോപണങ്ങൾ ചു നിഷേധിച്ചിരുന്നു.
ജയില്‍ മോചിതനയ ശേഷം ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്കുള്ള വിമാനത്തിൽ കയറിയ അദ്ദേഹം തായ്‌വാൻ പതാക അച്ചടിച്ച മാസ്ക് ധരിച്ചാണ് എത്തിയത്. ഇനിയൊരിക്കലും ചൈനയിലേക്ക് മടങ്ങില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ചൈനയിൽ അനുഭവിച്ച പീഡനവും അദ്ദേഹം വിവരിച്ചു.
2019ൽ ബിസിനസ് സംബന്ധമായ യാത്രക്കിടെയാണ് ലീ പിടിയിലാകുന്നത്. വർഷത്തിൽ രണ്ടുതവണ ചൈന സന്ദർശിക്കുന്ന വ്യക്തിയായിരുന്നു ലീ. അവസാനം ചൈന സന്ദർശിച്ചപ്പോൾ ഹോങ്കോംഗ് ജനാധിപത്യ അനുകൂല പ്രതിഷേധ സമയമായിരുന്നു. ചൈനാ യാത്രക്ക് തൊട്ടുമുമ്പ്, താൻ ഹോങ്കോങ്ങിൽ റാലി കാണുകയും ലഘുലേഖകൾ കൈമാറുകയും ചെയ്തുവെന്ന് ലീ പറഞ്ഞു. തുടർന്ന്, സഹപ്രവർത്തകനെ കാണാൻ അദ്ദേഹം ചൈനയിലേക്ക് പോയി. തായ്‌വാനിലേക്ക് തിരികെ പോകുമ്പോൾ 10 വീഡിയോ ക്യാമറകൾ വിമാനത്താവള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഇയാളിൽ നിന്ന് ലഘുലേഖകളും പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകളും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. 72 ദിവസം ഹോട്ടൽ മുറിയിലായിരുന്നു തടവ്. ദിവസവും മൂന്ന് പേർ നിരീക്ഷണത്തിനുണ്ടായിരുന്നു. ടിവി കാണാനോ പത്രങ്ങൾ വായിക്കാനോ കർട്ടൻ തുറക്കാനോ സംസാരിക്കാനോ അനുവദിച്ചില്ല. പിന്നീട് ലീയെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങൾക്ക് ശേഷം മാത്രമാണ് ലീയെ പുറത്തുവിട്ടത്. ചൈനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തതിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.