തമിഴ്നാട്ടിൽ തക്കാളിവില വീണ്ടുമുയർന്ന് കിലോയ്ക്ക് 200 രൂപയായി. കഴിഞ്ഞദിവസംവരെ 160 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. വരവ് കുറഞ്ഞതോടെയാണ് തക്കാളിയുടെ വില 200-ലെത്തിയത്. മുൻ ആഴ്ചകളിൽ മൊത്ത വ്യാപാരച്ചന്തയായ കോയമ്പേടിലേക്ക് 80 ലോറികളിൽ തക്കാളിയെത്തിയ സ്ഥാനത്ത് 20 ലോറികൾമാത്രമാണ് ഇപ്പോഴെത്തുന്നത്.
തമിഴ്‌നാട്ടിൽ തക്കാളി ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽനിന്ന് തക്കാളിയുടെ വരവുകുറഞ്ഞതുമാണ് വില ഉയരാൻ കാരണം. മധുരയിൽ െമാത്ത വ്യാപാരച്ചന്തയിൽ കിലോയ്ക്ക് 180 രൂപയ്ക്കും തിരുനെൽവേലി ജില്ലയിൽ 200 രൂപയ്ക്കുമാണ് തക്കാളി വിൽക്കുന്നത്. തമിഴ്‌നാട്ടിലേക്ക് ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽനിന്നാണ് തക്കാളിയെത്തുന്നത്.