20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച യുവതിക്ക് ദാരണാന്ത്യം. അമേരിക്കയിലാണ് സംഭവം. ഇൻഡ്യാനയിൽ നിന്നുള്ള 35കാരിയായ ആഷ്‌ലി സമ്മേഴ്‌സ് ആണ് മരിച്ചത്. ജൂലൈ നാലിലെ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 20 മിനിറ്റിനുള്ളിൽ അവൾ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ്. 64 ഔൺസ് (ഏകദേശം 2 ലിറ്റർ) അവൾ 20 മിനിറ്റിനുള്ളിൽ കുടിച്ചു. അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.
സഹോദരി വീട്ടിലെത്തിയപ്പോൾ തന്നെ ബോധംകെട്ടു. പിന്നെ ഒരിക്കലും ബോധം വീണ്ടെടുത്തില്ല. പരിശോധനയിൽ മസ്തിഷ്ക വീക്കം കണ്ടെത്തി. അതിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, അമിതമായ അളവിൽ വെള്ളം അകത്തുചെന്നപ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷാമായി മാറുന്ന ഹൈപ്പോനട്രീമിയ അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അപൂർവമാണെങ്കിലും, ജലത്തിന്റെ അമിതമായ അളവ് വിഷമാകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ഈ അവസ്ഥ സംഭവിക്കുന്നു. പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.