പ്ലസ് ടു പാസായവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞു. പദ്ധതി സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചതായും ഗതാഗത മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ റോഡ് സുരക്ഷാ അവബോധം സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനു നടപടികളായെന്നു മന്ത്രി ആന്റണി രാജു.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, റോഡ് അടയാളങ്ങൾ എന്നിവയെക്കുറിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഇവ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.ഇതുവഴി മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം.
പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെരു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ ബോധവാൻമാരാകും. ഇതു അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിങ് ടെസ്റ്റിനു വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി