ജക്കാര്‍ത്ത: മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തില്‍ ലൈംഗികാതിക്രമം നടന്നെന്ന ആരോപണവുമായി ആറ് മത്സരാര്‍ത്ഥികള്‍ രംഗത്ത്. സംഘാടകര്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതികള്‍ ആരോപിക്കുന്നത്. പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള ഇരുപതിലധികം ആളുകള്‍ക്ക് മുന്നില്‍ അടിവസ്ത്രം അഴിച്ച് സ്തനപ്രദര്‍ശനം നടത്തേണ്ടി വന്നെന്നും യുവതികള്‍ പരാതിയില്‍ പറയുന്നു. ചിലര്‍ തങ്ങളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതികള്‍ വ്യക്തമാക്കി.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് മൂന്നു വരെ ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യൻ സൗന്ദര്യമത്സരത്തിലെ മത്സരാര്‍ത്ഥികളാണ് സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായുി രംഗത്ത് വന്നത്. പുരുഷന്മാരടക്കം 20 ല്‍ അധികം ആളുകളുള്ള ഒരു മുറിയില്‍ ശാരീരിക പരിശോധനയ്ക്കായി അടിവസ്ത്രം അഴിക്കാൻ സംഘാടകര്‍ തങ്ങളില്‍ അഞ്ചുപേരോട് ആവശ്യപ്പെട്ടുവെന്നും യുവതികള്‍ പറയുന്നു. കാലുകള്‍ അകത്തിവെച്ച് ഫോട്ടോക്ക് പോസ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതികളില്‍ ഒരാള്‍ വെളിപ്പെടുത്തി.
ജക്കാര്‍ത്തയില്‍ ഈ മത്സരം സംഘടിപ്പിച്ച പി ടി കപ്പെല്ല സ്വസ്തിക കാര്യ എന്ന കമ്ബനിയുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുവാൻ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല എന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പരാതി ലഭിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച ജക്കാര്‍ത്ത പൊലീസ്, ഇക്കാര്യത്തില്‍ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും വ്യക്തമാക്കി. ഈ വര്‍ഷം അവസാനം എല്‍ സാല്‍വഡോറില്‍ നടക്കുന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കാനായിരുന്നു മത്സരം സംഘടിപ്പിച്ചത്. മിസ്സ് യൂണിവേഴ്സ് ഓര്‍ഗനൈസേഷൻ ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 1996 മുതല്‍ 2002 വരെ ഡൊണാള്‍ഡ് ട്രംപ് ഇതിന്റെ സഹ ഉടമയായിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രമുഖ മീഡിയ മുഗള്‍, ജക്കാപോംഗ് ആന്നെ, 20 മില്യൻ ഡോളറിന് ഈ ഓര്‍ഗനൈസേഷൻ വാങ്ങിയിരുന്നു. ഇതോടെ ഈ സൗന്ദര്യ മത്സരം നടത്തുന്ന ഓര്‍ഗനൈസേഷന്റെ ആദ്യ വനിത ഉടമ എന്ന ബഹുമതി അവര്‍ക്ക് ലഭിച്ചു. മിസ്സ് യു എസ് എ മത്സരഫലം മരവിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ആയിരുന്നു ഉടമസ്ഥത കൈമാറ്റ വിഷയം പരസ്യമാക്കിയത്.അമേരിക്കയിലെ സംഘാടകര്‍, നേരായ രീതിയിലൂടെയല്ല, മത്സര വിജയിയെ കണ്ടെത്തിയത് എന്ന ആരോപണമായിരുന്നു മത്സരം സസ്പെൻഡ് ചെയ്യാൻ കാരണമായത്. അതോടൊപ്പം ചില ലൈംഗികാരോപണങ്ങളും അവിടെ ഉയര്‍ന്ന് കേട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ മതസംഘടനകള്‍ സൗന്ദര്യമത്സരങ്ങളെ നേരത്തെ എതിര്‍ത്തിരുന്നു.