സാന്‍ ഫ്രാന്‍സിസ്‌കോ: ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് വെര്‍ജിന്‍ ഗലാക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഗലാക്ടിക്കിന്റെ ഏഴാം ദൗത്യമാണിതെങ്കിലും ഇതുവരെയുള്ളതെല്ലാം പരീക്ഷപ്പറക്കലുകളായിരുന്നു.
വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ഇന്നലെ പറന്നത്. ഭാരക്കുറവുള്‍പ്പെടെയുള്ള ബഹിരാകാശ അനുഭവവും അവിടെ നിന്നുള്ള ഭൂമിയുടെ കാഴ്ചയുമാണ് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകുന്നത്. വെര്‍ജിന്‍ ഗലാക്ടിക്കിന്റെ കാരിയര്‍ വിമാനം വിഎസ്എസ് യൂണിറ്റിയെ 13.5 കിലോമീറ്റര്‍ (44,300 അടി) വരെ എത്തിക്കുകയും അവിടെ നിന്ന് യൂണിറ്റി സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശപരിധിയില്‍ 88.51 കിലോമീറ്റര്‍ ഉയരത്തിലെത്തുകയുമാണ് ചെയ്തത്.
ഒരു അമ്മയും മകളും ഒരുമിച്ചു നടത്തുന്ന ആദ്യത്തെ ബഹിരാകാശയാത്ര എന്നതുള്‍പ്പെടെ അപൂര്‍വതകള്‍ ഏറെയുള്ള ദൗത്യം കൂടിയായിരുന്നു ഇന്നലത്തേത്. 6 യാത്രികരില്‍ 3 പേരായിരുന്നു സ്വകാര്യസഞ്ചാരികള്‍. ബഹിരാകാശ യാത്രയ്ക്കായി എണ്ണൂറോളം പേരാണ് റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. 2.5 ലക്ഷം മുതല്‍ 4.5 ലക്ഷം ഡോളര്‍ (3.73 കോടി രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്.