മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫീസിലോ താമസസ്ഥലത്തോ നേരിട്ട് എത്തിച്ചുനൽകുമെന്നാണ് വിവരം. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്‌സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്.വിതരണം ഇന്നു പൂർത്തിയായേക്കും.
എന്നാൽ ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്.ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവർത്തിക്കും.